ഉള്ളടക്കത്തിലേക്ക് നീങ്ങുക

പ്ലാങ്ങ

കുട്ടംകുഴി പഞ്ചായത്ത് കേരളത്തിലെ ഒരു മാതൃകാ പഞ്ചായതാണ്. വികസനങ്ങൾക്കായി പാർടി ഭേദമന്യേ അവിടെ എല്ലാ മെമ്പർമാരും ഒരേ കുടക്കീഴിൽ അണിനിരക്കുന്നു. ഇന്ന് പഞ്ചായത്തിന്റെ ചരിത്രത്തില തന്നെ ഒരു നാഴികക്കല്ല് ആകും എന്ന് കരുതപ്പെടുന്ന ഒരു പ്രമേയം ആണ് അവതരിപ്പിക്കപ്പെടുന്നത്. ഉള്ളടക്കം എന്താണ് എന്ന് ആർക്കും ഒരു ക്ലൂ പോലുമില്ല. കാരണം പ്രമേയം അവതരിപ്പിക്കുന്നത്‌ മെമ്പർ ജൂബൻ ആണ്.

ജൂബൻ, പേരിൽ തന്നെ ഒന്നു വേറിട്ടു നില്ക്കണം എന്നു ജൂബന്റെ പപ്പയ്ക്ക് തന്നെ നിർബന്ധം ഉണ്ടായിരുന്നു. എവിടെയും ഒരു വേറിട്ട ശബ്ദം ആയിരുന്നു ജൂബൻ. ചില സാമ്പത്തിക പരാധീനതകൾ കാരണം SSLC 3rd ഇയർ ജൂബനു പഠിത്തം നിർത്തേണ്ടി വന്നു, അന്ന് ജൂബനു പ്രായം 21. എല്ലാ കാര്യങ്ങളിലും ജൂബനു തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു, അഭിപ്രായങ്ങളും. പലതിനോടും, അവനെ പഠിപ്പിച്ച അധ്യാപകർക്ക് യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല. ജൂബന്റെ സ്കൂൾ ദുരന്തങ്ങൾക് കാരണമായത്‌ അതാകാം.

തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജൂബൻ വായനശാലയിലെ യുവ കൂട്ടായ്മയിലും ചായക്കടയിലെ വെടിവട്ടങ്ങളിലും നിരന്തരം അവതരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ പാർട്ടിയിലെ ബുദ്ധിജീവിയും LC മെമ്പറുമായ ധവാൻ മാസ്റ്റർ ഒരിക്കൽ ചായക്കടയിൽ വച്ച് ജൂബന്റെ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തെപ്പറ്റിയുള്ള ഒരു പ്രഭാഷണം കേള്ക്കാനിടയായി. പ്രഭാഷണം കേട്ട ധവാൻ മാസ്റ്റർ ജൂബന്റെ തോളിൽ തട്ടി പറഞ്ഞു, “യുവാക്കൾ പ്രതികരിക്കുവാൻ തുടങ്ങിയിരിക്കുന്നു, നല്ലത്. പാർട്ടി ഓഫിസ് വരെ ഒന്നു വരണം. ചിലത് സംസാരിക്കുവാനുണ്ട്”. ജൂബൻ ഇന്ന് പഞ്ചായത്തിലെ പാർട്ടിയുടെ യൂത്ത് വിംഗ് സെക്രട്ടറി ആണ്, കൂടാതെ പഞ്ചായത്ത് മെമ്പറുമാണ്.

ജൂബൻ പഞ്ചായത്ത് ഓഫിസ് എത്തി, പഞ്ചായത്ത് കൂടുന്ന മുറിയിൽ തന്റെ കസേരയിൽ ഇരുന്നു. തന്റെ സന്തത സഹചാരിയായ “പഞ്ചായത്ത്‌ രാജ്” പുസ്തകം മേശമേൽ വച്ചു, ഒരു ദീർഘ നിശ്വാസം ഇട്ടു. പഞ്ചായത്ത് സെക്രടറിയും പ്രസിഡന്റും മറ്റു മെമ്പർമാരും എത്തിച്ചേർന്നു. യോഗ നടപടികളുടെ അജണ്ട സെക്രട്ടറി വായിച്ചു. പ്രധാന വിഷയം ജൂബന്റെ പ്രമേയം തന്നെ. ജൂബൻ പ്രമേയം അവതരിപ്പിച്ചു തുടങ്ങി.

“ബഹുമാനപ്പെട്ട പ്രസിഡന്റ്‌, സെക്രട്ടറി, സഹ മെമ്പർമാരെ…..
നമ്മുടെ കുട്ടംകുഴി പഞ്ചായത്ത് പ്ലാവുകളാൽ സമ്പന്നമാണ്. എന്തുകൊണ്ട്, റബ്ബറും വനിലയും പോലെ, നമുക്ക് വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷിയെക്കുറിച്ച് ചിന്തിച്ചു കൂടാ?
:
:
(തുടർന്ന് ജൂബൻ പ്ലാവിനെയും ചക്കയേയും കുറിച്ച് താൻ നടത്തിയ പഠന റിപ്പോർട്ട്‌ വായിച്ചു കേൾപ്പിച്ചു.)
:
:
(ധനകാര്യ വകുപ്പ് മന്ത്രിമാർ വാർഷിക ബജറ്റവതരണം നടത്തുന്ന പോലെ ജൂബൻ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു)

പ്ലാവ് കേരളത്തിന്റെ അഭിമാനമാണ്. പ്ലാവിന്റെ ഫലത്തെ നമ്മൾ ചക്ക എന്നു വിളിച്ചു വളരെ വിലകുറച്ചു കാണുന്നു. മാവിനും തെങ്ങിനും കിട്ടുന്ന അമിത പ്രാധാന്യം പ്ലാവിനെ തളർത്തുന്നു.മാവിന്റെ ഫലത്തെ മാങ്ങ എന്നു വിളിക്കാമെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്നും വിളിക്കാം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-നും മലയാളം സർവകലാശാലക്കും കുട്ടംകുഴി പഞ്ചായത്ത് മെമ്പർ എന്ന പേരിലും ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയ്ക്കും ഞാൻ കത്തെഴുതിക്കഴിഞ്ഞു.

എന്റെ ഈ എളിയ ഉദ്യമത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, നിർത്തട്ടെ…
നന്ദി

ഏതാനം നിമിഷങ്ങൾ നീണ്ട നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കയ്യടി ഉയർന്നു, തുടങ്ങിയത് പ്രസിഡന്റ്‌ ശ്രീമതി സാറാക്കുട്ടി (വനിതാ സംവരണ പഞ്ചായതായതു കൊണ്ട് ഇവിടെ വനിതകൾക്കാണ് മുൻഗണന)

എതിരില്ലാതെ പ്രമേയം പാസ്സായി….

പഞ്ചായത്ത് രാജ് പുസ്തകം കക്ഷത്തിൽ വച്ചു കൊണ്ട് അഭിമാനത്തോടെ ജൂബൻ വീണ്ടും തൻറെ കർമ്മ മണ്ഡലത്തിലേക്ക്….

——————————————————————————

വാർത്ത: ഇംഗ്ലണ്ട്-കാരെ ഇംഗ്ലീഷ് എന്നു വിളിക്കാമെങ്കിൽ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നും വിളിക്കാം
— മോഹൻ ഭഗവത്

മാവിൽ ഉണ്ടാകുന്നഫലത്തെ മാങ്ങ എന്ന് വിളിച്ചപ്പോൾ അതിന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്ന് വിളിച്ചാൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടും എന്നു കരുതിയ ജൂബനെ തെറ്റു പറയാൻ കഴിയില്ല. അല്ലാതെ, പത്രം വായിക്കുന്ന ദുസ്വഭാവം ഇല്ലാത്ത ജൂബൻ മേൽപ്പറഞ്ഞ വാർത്ത കണ്ടിരിക്കുവാനും, അത് ഒരു പ്രചോദനം ആവാനും, ഇടയില്ല.

മുസിരിസ്

AD ഒന്നാം നൂറ്റാണ്ട് മുതല്‍ ഏതാണ്ട് റോമന്‍ സാമ്രാജ്യത്തിന്റെ പതന കാലം വരെ നമ്മള്‍ മലയാളികള്‍ യവനന്മാരും ആയി വളരെ നല്ല കച്ചവട ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു. എന്നാല്‍, റോമന്‍ സാമ്രാജ്യവുമായി മാത്രം ആയിരുന്നില്ല, ചില ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുമായും കേരളത്തിന്‌ ബന്ധം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിക്കുകയുണ്ടായി.

AD 2003:
കേരളത്തില്‍ തോമാ ശ്ലീഹ വന്ന കാലത്തിനു മുന്നേ പരമ്പരകള്‍ ആയി കൈമാറി വന്ന തന്‍റെ നീല കപ്പുമായി മാമ്മ കുളിമുറിയിലേക്ക്, ശര പന്ജരത്തിലെ ജയനെ ഓര്‍മ്മിപ്പിക്കുന്നു. കറ തീര്‍ന്ന മധ്യ കേരള നസ്രാണികളുടെ trade mark ആയ സില്‍ക്ക് മുണ്ടും colurful തോര്‍ത്തും വാതിലിനു മുകളില്‍ കാണാം.
തന്റെ “വിഭവ സമൃദ്ധമായ” കുളി കഴിഞ്ഞു കൈ പൊക്കിയ മാമന്‍ ശൂന്യം ആയി കിടക്കുന്ന വാതില്‍ ആണ് കണ്ടത്. അര മണിക്കൂര്‍ മുന്നേ താന്‍ അഴിച്ചിട്ട മുണ്ടും തോര്‍ത്തും കാണ്മാന്ടായിരിക്കുന്നു.
“ആരാടാ എന്റെ മുണ്ട് എടുത്തോണ്ട് പോയത്…..@#$%^&*”
തുടര്‍ന്നുള്ള അസഭ്യ വര്ഷം കേട്ട്, അടുത്ത കുളിമുറിയില്‍ നിന്നും കുളിച്ചു ഇറങ്ങിയ ഒരു ജൂനിയര്‍ പയ്യന്‍ വീണ്ടും കുളിക്കാന്‍ കയറി എന്നാണു അറിയാന്‍ കഴിഞ്ഞത്. സുമാര്‍ 2-3 മിനിറ്റ് നീണ്ട ഏകാംഗ അക്ഷര ശ്ലോക സദസ്സിനു ശേഷം രംഗം നിശ്ശബ്ദമായി. വാതില്‍ ചെറുതായി തുറന്നു, അര ഇഞ്ച്‌ വിടവിലൂടെ ഒരു ഇരയെയും കാത്തിരിപ്പ്‌ തുടങ്ങി.

അല്പ നേരത്തിനു ശേഷം, മാമ ആ അര ഇഞ്ച്‌ വിടവിലൂടെ തന്റെ ഇരയെ കണ്ടു.
പേര് : അണ്ടന്‍ നായര്‍
കയ്യില്‍:: സോപ്പ് പെട്ടി (right ) underwear (left)
വേഷം: കഷ്ടി അങ്ങ് ഇങ്ങു എത്തുന്ന ഒരു ടവല്‍.
കണ്ണട: ഇല്ല (കാഴ്ച ശക്തിക്ക് ചില ചെറിയ തകരാറുകള്‍ ഉണ്ട് എങ്കിലും, കുളിക്കുമ്പോള്‍ ഉപയോഗിക്കാറില്ല )

അമീബ ഇര പിടിക്കുന്നത്‌ എങ്ങനെ എന്ന വളരെ പ്രസക്തമായ ഒരു SSLC ചോദ്യം ഓര്മ ഉണ്ടോ. ആ അമീബയുടെ ചടുലതയോടെ അര ഇഞ്ച്‌ വിടവ് ഒരു നിമിഷത്തേക്ക് 3 ഇന്ചാക്കി അണ്ടന്‍ നായരുടെ ഇടതു കയ്യില്‍ കറങ്ങി കൊണ്ടിരുന്ന ആ വസ്തു മാമ റാഞ്ചി,

ഒരു നിമിഷ നേരത്തേക്ക്, എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കാന്‍ അണ്ടനു കഴിഞ്ഞില്ല. സത്യത്തില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരി.

അണ്ടന്റെ വീക്ഷണത്തില്‍ നിന്ന് ……ഏതാണ്ട് 6 അടിയോളം പൊക്കം തോന്നിക്കുന്ന ഒരു അര്‍ദ്ധ നഗ്ന രൂപം – പുരുഷന്‍ തന്നെ ആകണം – വലതു കയ്യില്‍ നീലയോട് സാമ്യം തോന്നുന്ന നിറത്തില്‍ ഉള്ള ഒരു കപ്പും ആയി ഓടുന്നു. ഇട്ടിരിക്കുന്നത് തന്റെതെന്നു തോന്നുന്ന ഒരു underwear.

ഒരു പക്ഷെ, ഇന്നും അണ്ടനു ഉത്തരം കിട്ടാത്ത ഒരു SSLC ചോദ്യം ആണ് അത്, നീല കപ്പുമായി ഓടിയ ആ രൂപം, പിന്നെ റാഞ്ചപ്പെട്ട തന്റെ …..
———–
മുസിരിസില്‍ നിന്നും ഖനനം ചെയ്യപെട്ടു എന്ന് കരുതപ്പെടുന്ന ആ കപ്പിന് ഇന്ന് ഹാരപ്പന്‍ സംസ്കാരവുമായി വരെ ബന്ധം ഉണ്ട് എന്ന് പറയപ്പെടുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയുമായുള്ള കേരളത്തിന്റെ ബന്ധത്തില്‍ അവിടെ നിന്നും നൂറ്റാണ്ടുകള്‍ മുന്‍പ് smuggle ചെയ്യപ്പെട്ടതാണ് ഈ കപ്പ്‌ എന്നും ചില ചരിത്രാന്വേഷികള്‍ തങ്ങളുടെ തീസിസില്‍ പ്രതിപാദിച്ചിരുന്നു.

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്

ഗാന്ധിജി അന്വേഷിച്ചിറങ്ങിയ സത്യം അല്ല ഇവിടെ പ്രതിപാദ്യ വിഷയം. ചില ഗാന്ധിയന്‍ ആശയങ്ങളോട് ചില പ്രത്യേക സാഹചര്യങ്ങളില്‍ ചെറിയ ഒരു അനുഭാവം തോന്നിയിട്ടുണ്ട് എന്നതൊഴിച്ചാല്‍, ഗാന്ധിജിയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല.

ശ്രദ്ധിക്കുക, ഞാന്‍ തേടി നടന്ന സത്യം ഇതുവരെ കഥയില്‍ രംഗപ്രവേശം ചെയ്തിട്ടില്ല.

ഒരു ശരാശരി പത്താം ക്ലാസ്സുകാരന് എന്ത് ഉയരം വേണം ? എന്ത് തൂക്കം വേണം ? ഇതിനെല്ലാം ഒരു തികഞ്ഞ അപവാദം ആയിരുന്നു ഞാന്‍.. പത്തു പാസ്സാകുന്ന കാലത്ത് ക്ലാസ്സിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന അത്യപൂര്‍വമല്ലാത്ത ഒരു record-നു ഞാന്‍ അര്‍ഹനായി. ഇതിനു പുറമേ, എന്റെ ശരീര വലുപ്പതിനെ സാധൂകരിക്കും വിധം മൂന്നാല് അപര നാമങ്ങളും. കൊതുക് – മുണ്ടന്‍ നായര്‍, എല്ലാം അവയില്‍ ചിലത് മാത്രം. പിന്നെ ദൈവം സഹായിച്ചു, തൊലിക്ക് ഒരു ISI മാര്‍ക്ക്‌ കിട്ടിയിട്ടുള്ളതു കാരണം ഇമ്മാതിരി പേരുകള്‍ക്കൊന്നും ഞാന്‍ അത്ര വില കല്‍പ്പിച്ചിരുന്നില്ല. ആദ്യമൊക്കെ, വിളിക്കുന്നവരുടെ പൂര്‍വ പിതാക്കന്മാരെ വരെ പച്ചക്ക് പഴിച്ചിരുന്നു. അതിലൊന്നും യാതൊരു കാര്യവും ഇല്ല എന്ന് മനസ്സിലായപ്പോള്‍ ഗാന്ധി മാര്‍ഗം സ്വീകരിച്ചു.

“പോക്കമില്ലായ്മയില്‍ ആണെന്റെ പൊക്കം” എന്ന് മുസ്സോളിനിക്ക് പറയാം. കാരണം അങ്ങേര്‍ക്കു അതിനുള്ള വകുപ്പുണ്ട്. നമ്മുടെ കാര്യം അങ്ങനെ അല്ലല്ലോ.

അക്കാലത്ത്, പൊക്കം കുറവ് എന്റെ അപകര്‍ഷതാ ബോധത്തിന്റെ തീയില്‍ നെയ്യായി വീഴാന്‍ തുടങ്ങി. തയ്യല്‍ കടക്കാരന്റെ കയ്യില്‍ ഉള്ള ടേപ്പ് വരെ 152 cm ഉണ്ട്.
മരത്തില്‍ കാല്‍ ഉടക്കി തല കീഴായി തൂങ്ങുക, pull up എടുക്കാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് വെറുതെ മരക്കൊമ്പില്‍ തൂങ്ങി കിടക്കുക, കൈ വേദനിച്ചു തുടങ്ങുമ്പോള്‍ താഴേക്കു മനോഹരമായി വീഴുക – ഇത്യാദി വേലകള്‍ ചെയ്തു വൃഥാ സമയം കളഞ്ഞിരുന്നു. അങ്ങനെ അവസാനം പത്തില്‍ എത്തിയപ്പോള്‍ ഒരു സൈക്കിള്‍ കിട്ടി, BSA SLR . ഇത് എന്റെ പൊക്കം തേടിയുള്ള യാത്രയില്‍ ഒരു വഴിത്തിരിവായിരുന്നു. ഇപ്പോള്‍, ഞാന്‍, സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 172 cm ഉയര്‍ന്നിരിക്കുന്നു. എന്നെ സംബന്ധിച്ച്, ധാരാളം…..

സങ്കീര്‍ണമായ മനുഷ്യ മനസ്സുകളെ കുറിച്ച് പഠനം നടത്തിയ Bradly -യുടെ ശിഷ്യന്‍ Dr. Sunny പറഞ്ഞിരിക്കുന്നത് ഏതാണ്ട് ഇങ്ങനെ ആണ്: ” ഉണ്ടവന് പായ കിട്ടഞ്ഞിട്ടു, ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു “…..

‘Engineering -നു ചേരുന്ന കാലത്ത് തൂക്കം 38 kg ‘. ഇതിലും നന്നായിട്ട് ആ situation ഒരു ഒറ്റ വരിയില്‍ എങ്ങനെ വിവരിക്കും എന്ന് എനിക്കറിയില്ല.
ഹോസ്റ്റല്‍ ഭക്ഷണം അത്ര ബോര്‍ അല്ലായിരുന്നു. 3 വര്‍ഷം കൊണ്ട് അവിടുത്തെ അറിയപ്പെടുന്ന തീറ്റ റപ്പായിമാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടാന്‍ എനിക്ക് കഴിഞ്ഞു. Bade , AD , മാമാ , ജയറാം തുടങ്ങിയ മഹാരഥന്മാര്‍ കസറിയ ഞങ്ങളുടെ canteen -ല്‍ ആരും കാണാതെ ഞാനും, ഇടതു wing -ലൂടയും വലതു wing -ലൂടയും ചെറിയ ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. അക്കാലത്താണ് ബീഫ് ഒരു weakness ആയി മാറിയത്. അവസാന വര്‍ഷത്തെ ക്രിസ്തുമസ് ദിനത്തിലെ എല്ലും കപ്പേം , ഓണം ആഘോഷത്തിന്റെ സദ്യ , girls hostel സ്വന്തം ആയി കാന്റീന്‍ തുടങ്ങിയ ദിവസം അതിന്റെ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ hostel -ല്‍ ഉണ്ടാക്കിയ ചിക്കന്‍ ബിരിയാണി – “ബെന്നി ചേട്ടന്‍ at his best ” എന്ന് വേണം പറയാന്‍.
ഇനി ആ, ദുഖകരമായ ആ വസ്തുത വെളിപ്പെടുത്തട്ടെ, 3 വര്‍ഷം കൊണ്ട് കൂടിയത് വെറും 10 kg.
3 വര്‍ഷത്തെ തിരുവനന്തപുരം infosys ജീവിതം കൊണ്ട് കൂടിയത് വെറും 6 kg .

ബാംഗ്ലൂര്‍ എത്തിയതിനു ശേഷം ആണ് എന്റെ പരീക്ഷണങ്ങള്‍ colourful ആകുന്നത്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉദാഹരണങ്ങള്‍ നിരത്താന്‍ കുറേ സഹമുറിയന്മാരും.

സഹമുറിയന്‍ 1 : “എടാ നിന്നെക്കാളും കഷ്ടം ആരുന്നു ഞാന്‍. ദേ, ഈ തടീം വയറും – കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു ബിയര്‍ അടിച്ചു ഉണ്ടാക്കീതാ “. സ്വന്തം വയറു തടവിക്കൊണ്ട് അഭിമാനത്തോടെ ലവന്‍ പറഞ്ഞു. സംഭവം ശരിയാണ്. അവന്റെ ഒരു പഴയകാല ചിത്രവും ഇന്നത്തെ live ചിത്രവും കണ്ടാല്‍ ആരാണേലും KingFisher പാതയില്‍ ചരിച്ചു പോകും. ബിയര്‍-ന്റെ പാര്‍ശ്വ ഫലം ആണല്ലോ കുടവയര്‍. എന്റെ ഈ ശരീരത്തില്‍ ഒരു കുടവയര്‍ കൂടി വന്നാല്‍, പണ്ട് എട്ടാം ക്ലാസ്സ്‌ biology പുസ്തകത്തില്‍ കണ്ട kwashiorkor ബാധിച്ച കുട്ടിയെ പോലെ ഇരിക്കും…. ഈശ്വരാ !!!!!
അങ്ങനെ ഞാന്‍ ആത്മാര്‍തമായി ബിയര്‍ അടി തുടങ്ങി. ഒരു ഫ്രിഡ്ജ്‌ ഉണ്ടായിരുന്ന കാരണം chilled beer ആവശ്യത്തിനു അനുസരിച്ച് ലഭ്യമായി. ആഴ്ച ഒന്ന് കഴിഞ്ഞു, വല്യ വ്യത്യാസം ഒന്നും കണ്ടില്ല. വിട്ടു കൊടുക്കാന്‍ ഞാനും തയ്യാര്‍ ആയിരുന്നില്ല. ഇന്ന് ചെറിയ ജലദോഷം ഉണ്ട്, എങ്കിലും എന്റെ കൃത്യ നിഷ്ഠയും ആത്മാര്‍തയും എന്നെ വെറുതെ വിട്ടില്ല. വൈകിട്ട് 2 can വാങ്ങി ഫ്രിഡ്ജ്‌-ല്‍ വച്ചു. ഭക്ഷണത്തിന് മുന്നേ മരുന്ന് കണക്കെ അങ്ങ് സേവിച്ചു.
ജലദോഷം + ബാംഗ്ലൂര്‍ തണുപ്പ് + ഫ്രിഡ്ജ്‌-ല്‍ വച്ച ബിയര്‍ : ഒരു ശരാശരി മനുഷ്യന്‍ കിടപ്പിലാകാന്‍ ഇതിലും നല്ല ഒരു combination വേറെ ഇല്ല. രാത്രി 3 – 3.30 ആയപ്പോള്‍ തുടങ്ങിയ തുമ്മല്‍ ഏകദേശം 9.30 -ഓടെ ഏതാണ്ട് ഒന്നു കുറഞ്ഞു. അറബികള്‍ ഹുക്ക വലിക്കുന്ന പോലെ, ഒരു ദിവസം മുഴുവന്‍ ഞാന്‍ ഒരു ആവി യന്ത്രം കൊണ്ട് നടന്നു. ജലദോഷം കാരണം ഓഫീസില്‍ പോകാതിരുന്ന ആദ്യത്തെ മനുഷ്യന്‍ ഞാന്‍ ആയിരിക്കുമോ ? ഈ സംഭവത്തോടു കൂടി വിജയ്‌ മല്ലയ്യ മാമനോട് സലാം പറഞ്ഞു ഗാന്ധിജിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ‘മദ്യമേ വിഷമേ വിഷ മദ്യമേ… മനുഷ്യനെ മൃഗം ആക്കും വിഷമേ…’

സഹമുറിയന്‍ 2 : “അടിസ്ഥാനപരമായി നിന്റെ പ്രശ്നം എന്താണെന്നറിയുമോ? നിന്റെ വായ മുതല്‍ ബാക്ക് വരെ ചുമ്മാ ഒരു ഓസ്‌ ഇട്ടിരിക്കുവാ. തിന്നുന്നതോന്നും പിടിക്കില്ല. നിനക്ക് ഞാന്‍ ഒരു പൊടി തരാം. എന്നും ഓരോ ഷേക്ക്‌ അടിച്ചു കുടിച്ചാല്‍ മതി. ഈ മന്ത്രികപ്പോടിയും ഇട്ടോ. എന്റെ ചേട്ടന്‍ കൊണ്ടുവന്നു തന്നതാ. ഒരു ഡപ്പി കഴിച്ചപ്പോ തന്നെ ഞാന്‍ ഇത്രേം ആയി. ബാക്കി നീ എടുത്തോ”.
സംഭവം ശരി ആണ്. ടെലി ഷോപ്പിംഗ്‌ -ന്റെ പരസ്യത്തില്‍ എന്ന പോലെ അവന്‍ രണ്ടു മൂന്നു പടങ്ങള്‍ കാണിച്ചു. ‘അന്ന് ഞാന്‍ ഇങ്ങനെ ആരുന്നു, ഇന്ന് നോക്ക് – ദാ ഈ മസ്സില്‍സ് കണ്ടോ, കുടവയര്‍ കണ്ടോ….’ പണ്ട് അശു പോലെ ഇരുന്നവനെ ഇന്ന് കണ്ടാല്‍ ശീമപ്പന്നി വരെ നാണിച്ചു പോകും. അങ്ങനെ ഞാന്‍ വൈദ്യരുടെ ശക്തി മരുന്ന് കഴിപ്പ്‌ തുടങ്ങി. 3 ആഴ്ച, ഒരു മാറ്റവും ഇല്ല. കാലാവധി കഴിഞ്ഞ ശക്തി മരുന്ന് വയറിനു അത്ര നല്ലതല്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ചില ദിവസങ്ങളില്‍ വയര്‍ ക്ലീന്‍ ആയി കിട്ടി എന്നതൊഴിച്ചാല്‍ മാന്ത്രിക പൊടി കൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവും ഉണ്ടായില്ല.
ഇപ്പോള്‍ എനിക്കും ചെറിയ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്, ഇനി അവന്‍ പറഞ്ഞ ഓസിന്റെ കാര്യം ശരിയാണോ ??

എങ്കിലും ഇതിന്റെ എല്ലാം സമാന്തരമായി ഒരു കാര്യം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. വയറു നിറഞ്ഞാലും മനസ്സ് നിറയുന്ന വരെ ഉള്ള കഴിപ്പ്‌….. ഇന്നതേ കഴിക്കൂ എന്നില്ല , ബുഫേ എങ്കില്‍ ബുഫേ – ആന്ധ്ര മീല്‍സ് എങ്കില്‍ ആന്ധ്ര മീല്‍സ്. ഞാന്‍ ഭക്ഷണം കഴിക്കുന്ന കണ്ടിട്ട് പലരും ഭിന്ന അഭിപ്രായങ്ങള്‍ ആണ് പറഞ്ഞിട്ടുള്ളത്. മേല്‍പ്പറഞ്ഞ പോലെ ISI മാര്‍ക്ക്‌ ഉള്ള തൊലി ആയതു കൊണ്ടാകാം എനിക്ക് ഒന്നും തോന്നീല്ല.
1 . “ഹ്ഹോ !! നിന്റെ ശരീരം കണ്ടാല്‍ ഇമ്മാതിരി തിന്നും എന്നാരും പറയില്ല”
2 . “എന്നാ തട്ടാടാ !! ഇതൊക്കെ എങ്ങോട്ട് പോണു ?”
3 . ” അവനു മിണ്ടാന്‍ മേല. വായ നിറച്ചും ചോറാ. പതുക്കെ ഇറക്കിയെച്ചു പറഞ്ഞാ മതി.”
4 . “എടാ, മനസ്സ് നന്നാവണം, എന്നാലെ ദേഹത്ത് പിടിക്കൂ”

ഈശ്വരാ!!! ഈ കരിങ്കണ്ണന്‍മാരുടെ ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷപെടാന്‍ വല്ല ‘ജുറാസ്സിക് രക്ഷാ കവചം’ മേടിച്ചു കെട്ടേണ്ടി വരുമോ. ഇന്ന് മുതല്‍ ഒരു തീരുമാനം എടുത്തു. യോഗാചാര്യന്‍ ബണ്ണി മഹാരാജ് -ന്റെ ക്ലാസ്സില്‍ ചേരണം. കുറച്ചു ആസനങ്ങള്‍ പഠിക്കണം. നല്ല ദഹനത്തിനും, വിശപ്പ്‌ ഉണ്ടാകാനുള്ളതും etc …..

———————————————————————————
അല്ലയോ തടിയന്മാരെ, നിങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിക്കുന്ന ആ പരമ സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.
“നിങ്ങള്‍ അരി വാങ്ങുന്നത് ഏതു റേഷന്‍ കടയില്‍ നിന്നാണ് ???”

ഒരു ചായ പറഞ്ഞ കഥ

ഒരു ട്രെയിന്‍ യാത്രക്കിടയില്‍ സുകുവിനെ വീണ്ടും കാണാന്‍ ഇടയായി. ഈ ട്രെയിന്‍ ഒരു സംഭവം തന്നെ, എല്ലാ യാത്രയിലും ഓരോ കഥയുമായി സുകു എത്തും.
സുകു ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ സംസാരം തുടര്‍ന്നു. സംസാരത്തിന്റെ ഇടയ്ക്കു പതിവിലും കൂടുതല്‍ gap ഞാന്‍ ശ്രദ്ധിച്ചു. സുകു മറ്റേതോ ലോകത്താണ്. ചിന്തകള്‍, ചെവിയില്‍ പാട്ട് യന്ത്രം ഉണ്ട് – ഇടയ്ക്കു എന്തോ ഓര്‍ത്തു ചിരിക്കുന്നു. അതെ, പതിവിലും വിപരീതം ആയ എന്തോ സംഭവിച്ചിരിക്കുന്നു. എന്‍റെ ചെവിയിലെ പാട്ട് യന്ത്രത്തില്‍ സന്ദര്‍ഭോചിതം ആയി ആ പാട്ട് വന്നു, “…… വട്ടായി പോയീ, വട്ടായി പോയീ… കച്ചോടം പൂട്ടിയപ്പോ വട്ടായി പോയീ…. “.
ചായക്കാരന്‍ ഞങ്ങളെ കടന്നു പോയി. സുകുവിനെ കുലുക്കി വിളിച്ചു: “ഡേയ്………. നിനക്ക് ചായ വേണോ?”
ചോദ്യം കേട്ട സുകു പൊട്ടിച്ചിരിച്ചു. ഈശ്വരാ, ശരിക്കും വട്ടായി പോയോ.
“ഡേയ്, സുകു, ഇത് ഞാനാ – നിനക്ക് ചായ വേണോന്നാ ചോദിച്ചേ. അല്ലാതെ ചാരായം വേണോ എന്നല്ല ”
എനിക്കു ചെറുതായി ദേഷ്യം വന്നു: “നിനക്കിതു എന്തിന്‍റെ കേടാ.”
സുകുവിന് ചിരി നിര്‍ത്താനായില്ല, “അല്ല ഒരു ചായയെ കുറിച്ച് ഓര്‍ത്തു പോയതാ”. ചായക്കാരനില്‍ നിന്നും ചായ വാങ്ങി കൊണ്ട് സുകു തന്‍റെ കഥ പറഞ്ഞു തുടങ്ങി.
(ശ്രദ്ധിക്കുക ഇത്തവണയും ചായയുടെ കാശ് കൊടുത്തത് ഞാന്‍ ആണ് )
————————————————————————
ആദ്യത്തെ പെണ്ണുകാണല്‍ വിജയകരമായ ഒരു പരാജയം ആയതില്‍ പിന്നെ സുകു കല്യാണത്തെ കുറിച്ചുള്ള ചിന്തകള്‍ 8 ആയി മടക്കി കീശയില്‍ ഇട്ടു തന്‍റെ bachelor life -നു സ്തോത്രം ചൊല്ലി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയിരിക്കുന്നു.
ഇന്നൊരു പെണ്ണു കാണല്‍ schedule ചെയ്തിരിക്കുന്നു. മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. ഡ്രൈവര്‍ ജോലിയില്‍ നല്ല നൈപുണ്യം തെളിയിച്ച സുകു പതിവ് പോലെ താമരാക്ഷന്‍ പിള്ള റോഡില്‍ ഇറക്കി. ചോദിച്ചും ഫോണ്‍ വിളിച്ചും സുകുവും മാമ്മനും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്നു. പെണ്‍ കുട്ടിയുടെ father (PF) അവരെ അകത്തേക്ക് ക്ഷണിച്ചു. മൂവരും കൂലങ്കുഷമായ ചര്‍ച്ച തുടങ്ങി. ജോലി, നാട്ടിലേക്കുള്ള വരവ് etc etc . പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഉദ്യോഗം ആണ്. യാത്രക്കിടയില്‍ അത്യാവശ്യം background മാമ്മന്‍ വഴി സുകു അറിഞ്ഞു.
ചര്‍ച്ചക്ക് ഇടയ്ക്ക് പെണ്‍ കുട്ടിയുടെ അമ്മ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഒരു നിമിഷം എത്തി. “ചായക്ക്‌  മധുരം എങ്ങനാ ……?”
തന്നെ കണ്ടാല്‍ ഒരു പ്രമേഹത്തിന്റെ അസ്കിത ഉള്ളതായി തോന്നുമോ? സുകു സംശയിച്ചു.
എന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ തന്നെ അടുത്ത sentence വന്നു: “അല്ല, മധുരം ഇട്ടു ….” വീണ്ടും അടുക്കളയിലേക്കു.
PF: “എനിക്കു തന്‍റെ കമ്പനി അറിയും, ഞങ്ങള്‍ ഉപയോഗിക്കുന്ന software നിങ്ങളുടെ കമ്പനീടെയാ……..”
സുകു അല്പം അഭിമാനത്തോടെ ഇത്തിരി മുന്നോട്ടു ആഞ്ഞു. സ്വന്തം കമ്പനിയെക്കുറിച്ച് എന്തെങ്കിലും പറയും മുന്‍പ് പെണ്ണിന്റെ അച്ഛന്‍ തന്‍റെ sentence മുഴുമിപ്പിച്ചു.
“എന്ത് സാധനാ അത്. ഒരു സാധാരണക്കാരനെ കൊണ്ട് ഉപയോഗിക്കാന്‍ പറ്റുവോ അതൊക്കെ”.
ഇത് സുകുവിനെ പ്രതിരോധത്തില്‍ ആഴത്തി. എങ്കിലും സുകു തന്‍റെ അന്ന ദാതാവായ ജര്‍മന്‍ സായ്-വിനെ തന്നാല്‍ ആകുന്ന വിധം ന്യായീകരിക്കാന്‍ ശ്രമിച്ചു. Corparate / share market കഥകള്‍ അതിനു ഒരു താങ്ങ് ആക്കാന്‍ സുകു ശ്രമിച്ചു. ഞങ്ങളുടെ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് താങ്കളുടെ കമ്പനിയുടെ reputation / share value എല്ലാം അങ്ങ് ആകാശത്ത് എത്തും എന്നൊക്കെ പറഞ്ഞു സുകു ഒന്ന് മുട്ടി നില്‍ക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യം എന്ന് പറയട്ടെ, ദയനീയമായി ചീറ്റി പോയി.
ചടങ്ങിന്‍റെ പ്രസക്ത ഭാഗം ആയി, പെണ്‍ കുട്ടി വരുന്നു – സുകുവിന് ചായ കൊടുക്കുന്നു.
വീണ്ടും കൂലങ്കുഷമായ ചര്‍ച്ച തുടരുന്നു. കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രം മിണ്ടാതെ നില്‍ക്കുന്നു / ഇരിക്കുന്നു. ഈ G8 ഉച്ചകൊടിക്കൊക്കെ എന്തായിരിക്കും ചര്‍ച്ചാ വിഷയം. നാട്ടില്‍ മഴയുണ്ടോ? കൃഷി എങ്ങനാ ലാഭാണോ? അവിടെ കുഴിച്ചിട്ടു പെട്രോള്‍ കിട്ടിയോ? സമ്മതിക്കണം രാജാവേ, സമ്മതിക്കണം. സംസാരം കണ്ടാല്‍ പെണ്ണിന്റെ അച്ഛനും തന്‍റെ മാമ്മനും കഴിഞ്ഞ 20 വര്‍ഷം ആയി വന്‍ പരിചയക്കാരാണോ എന്ന് സുകു ഒരു നിമിഷം സംശയിച്ചു.
ചടങ്ങിന്‍റെ രണ്ടാമത്തെ പ്രസക്ത ഭാഗത്തിന് അനുവാദം ലഭിച്ചു. ചെക്കനും പെണ്ണും സംസാരിക്കുന്നു. (ശ്രദ്ധിക്കുക Topic -നു പ്രസക്തി ഇല്ല).
ആകെ മൊത്തം ടോട്ടല്‍ 20 മിനിട്ട് കൊണ്ട് ചടങ്ങ് സമാപിച്ചു.
—————————————————————————————————-
ഞാന്‍ ആകാംഷയുടെ മുള്‍ മുനയില്‍ ആയിരുന്നു: “പിന്നെ, പിന്നെ എന്തായി…..?”
ഒരു ചമ്മലില്‍ പൊതിഞ്ഞ ചിരിയില്‍ സുകു: “എന്താകാന്‍, കഴിഞ്ഞതിന്‍റെ മുന്നത്തെ ആഴ്ച അവര്‍ വീട്ടില്‍ വന്നു. മിനിയാന്ന് വീട്ടില്‍ നിന്നും ഒരു Battallion അങ്ങട് പോയി, എല്ലാം സാബൂറാക്കി…”
ചായ കോപ്പയില്‍ നിന്നും അവസാന തുള്ളിയും വലിച്ചു കുടിച്ചു,അത് വെളിയിലേക്ക് എറിഞ്ഞു സുകു തുടര്‍ന്നു: “ഇനി കല്യാണത്തിന് വന്നില്ലെങ്കിലാ….,കോപ്പേ,  നിന്നെ വീട്ടില്‍ വന്നു തല്ലും… നിന്നോടാ ആദ്യം പറയുന്നത്”
“എടാ ഭയങ്കരാ….” ഞാന്‍ എന്‍റെ ആശ്ചര്യം മറച്ചു വച്ചില്ല.
സുകുവും  തന്‍റെ ആശ്ചര്യം വാക്കുകളില്‍ ആക്കി: “എങ്കിലും അയാള്‍ക്ക്‌, ആ പെണ്‍ കുട്ടിക്കേ,  എന്നെ ഇഷ്ടപ്പെട്ടു എന്നതാണ് എന്‍റെ അത്ഭുതം. കഴിഞ്ഞ ഒറ്റ തവണ കൊണ്ട് ഞാന്‍ ഈ ചായ കുടി പരിപാടി വേണ്ടാന്നു വെച്ചതാ, പക്ഷെ ഈ ചായ miss ആയിരുന്നേല്‍ ജീവിതം തന്നെ miss ആയി പോയേനേ മാഷേ”.

ചെറിയ ചിരിയോടെ ഞാന്‍ വീണ്ടും പാട്ട് യന്ത്രം ചെവിയില്‍ തിരുകി “……. അലര്‍ ശര പരിതാപം, കേള്‍പ്പൂ – ഞാന്‍ കേള്‍പ്പൂ……”.
ഒരു പുതിയ കഥ കൂടി തന്ന സുകുവേ, ദാ ആ വരുന്ന ജീവിതം ഒരു വിജയ്‌ പടം പോലെ ജീവിച്ചു തീര്‍ക്ക്……. enjaaay മാഡീ.

ഞാനും എന്‍റെ …..

കൃത്യമായി ഓര്‍മ ഇല്ല, ഏതാണ്ട് 7 വയസ്സായിരിക്കുന്നു എന്റെ പ്രണയത്തിന്….!!!

കലാലയ ജീവിത കാലത്ത് ഒരു സുപ്രഭാതത്തില്‍ പൊട്ടി വിരിഞ്ഞതല്ല, പലവട്ടം ഹരിച്ചും ഗുണിച്ചും നോക്കി – നീണ്ട ആലോചനകള്‍ക്കൊടുവില്‍ എടുത്ത തീരുമാനം. എത്രയോ വട്ടം എന്നോട് പിണങ്ങിയും പരിഭവം കാട്ടിയും ഇരുന്നിരിക്കുന്നു. കൊച്ചി മഹാ നഗരത്തിന്‍റെ ഒത്ത നടുക്ക്, നാലാള്‍ കാണ്‍കെ എന്നോട് പരിഭവിച്ചു മിണ്ടാതെ നിന്നിരിക്കുന്നു. അപ്പോഴൊക്കെ, ഒരു ശരാശരി കോട്ടയംകാരന്‍റെ ഭാഷയില്‍ – “ആ കോപ്പ്, എല്ലാം കൂടെ ഇട്ടെറിഞ്ഞെച്ചു ഞാന്‍ എന്റെ പാട്ടിനു പോകും” എന്നൊരു കാച്ചും കാച്ചി – തനി വഴി തേടി പോകാമായിരുന്നു. എന്തോ, മനസ്സ് വന്നില്ല. ചില ചെറിയ ചെറിയ വാശികള്‍, പരിഭവങ്ങള്‍ ആദ്യമൊക്കെ അരോചകമായി തോന്നുവെങ്കിലും പിന്നീട് ശീലമാകുന്നു, ജീവിതത്തിന്റെ ഭാഗമാകുന്നു.
ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസിലേക്ക് പോക്കും വരവും.  പതിവ് പോലെ ഇന്നും എനിക്കായി കാത്തു നില്‍പ്പുണ്ടായിരുന്നു. പുറത്തു ചെറുതായി ചാറുന്ന മഴ.   മഴത്തുള്ളികള്‍ അവളെ അതീവ സുന്ദരി ആക്കിയിരുന്നു.  ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണ്‍ മാസം, വെറുതെ മുന്നിലൂടെ കടന്നു പോയി. മഴ എന്നും ഞങ്ങളുടെ ബന്ധത്തിന് തീവ്രത കൂട്ടിയിട്ടേ ഉള്ളു. പിന്നെ background score ആയി ഒരു യുഗ്മ ഗാനവും. ഇന്നും അതിനൊരു മാറ്റവും ഇല്ല. ആ മുത്ത്‌ മണികള്‍ പതുക്കെ  തട്ടി മാറ്റിക്കൊണ്ട്   ഞാന്‍ സീറ്റ്‌ തുടച്ചു. ഒന്ന്, രണ്ടു, മൂന്നാമത്തെ കിക്കില്‍ സ്റ്റാര്‍ട്ട്‌ ആയി. ഞങ്ങള്‍ വീണ്ടും മഴത്തുള്ളികളുടെ ഇടയിലൂടെ, ഒരു യാത്ര കൂടി….
Background -ഇല്‍ ഒരു ഗാനവും – “അനുരാഗിണി, ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ….  “
ഏതാണ്ട് 7 വയസ്സായിരിക്കുന്നു എന്റെ പ്രണയത്തിന്…. ഞാനും എന്‍റെ ബൈക്കും….

I am a മലയാളി

നിരക്ഷര ഭാരതത്തിനു എന്നും ഒരു അപവാദമായിരുന്നു സാക്ഷര കേരളം.
അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരെ കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളം.
അന്ന്  (ഏതാണ്ട്   20 -ആം നൂറ്റാണ്ടിന്റെ അവസാന പാദം)
രഘു (protagonist) തന്റെ ജീവിതം ഒന്ന് rewind ചെയ്തു നോക്കി.
BA കഴിഞ്ഞു, കഷ്ടിച്ച് second class. അന്വേഷണങ്ങള്‍ എല്ലാ ഭാഗത്ത്‌ നിന്നും വരുന്നു. ആദ്യമൊക്കെ ഉപദേശങ്ങള്‍ ആയിരുന്നു, പിന്നീട്  അതിനൊക്കെ അല്പം കനം കൂടി ശകാരത്തിന്റെയും പുച്ചതിന്റെയും അംശങ്ങള്‍ കണ്ടു തുടങ്ങി.  Tax ഇല്ലാത്ത  രണ്ടു സംഗതികള്‍ ആണല്ലോ. ഇന്നലെ അമ്മാവന്റെ വീട്ടില്‍ ഇരുന്നു രണ്ടാമത്തെ round പ്രാതല്‍ കഴിക്കുന്നതിനിടെ അമ്മായി സൂചിപ്പിച്ചു. “മാളൂന്, ത്രിപ്പയാര്‍ -ന്നു ഒരു ആലോചന വന്നിരിക്കുന്നു, നല്ല കൂട്ടരാനത്രേ”. തൊണ്ടയില്‍ കുടുങ്ങിയ പുട്ട്  ചായ യുടെ കൂടെ ഇറക്കിയിട്ട്‌, പാത്രവും ആയി രഘു കിണറ്റിന്‍ കരയിലേക്ക് നടന്നു. ഇനി ഇത് കൂടിയേ ബാക്കി ഉണ്ടാരുന്നുള്ളൂ. പെട്ടിയില്‍ അവസാന ആണിയും അടിച്ചു. ഉമ്മറത്തിരുന്ന അമ്മാവനെ ശല്യപ്പെടുത്താതെ രഘു പിന്നാമ്പുറത്ത്  കൂടി scoot ആയി. അങ്ങേരുടെ മുന്നില്‍ ചെന്ന് പെട്ടാല്‍ പിന്നെ, ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും നിര്‍ത്തി ഉപദേശിക്കും. എന്തിനാ വെറുതെ തല വച്ച് കൊടുക്കുന്നെ….
സംവരണം തീണ്ടാത്ത സവര്‍ണര്‍ക്കു, ഏക ആശ്രയം ആയ  Employment Exchange -ഉം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു ജോലി എന്നത് മരീചിക പോലെ അകന്നകന്നു പോകുന്നു. സുബൈര്‍ അടുത്ത മാസം ബോംബയ്ക്ക് പോകും, അവിടെ നിന്ന് ഗള്‍ഫിലേക്ക്. അവന്‍ അവിടെ എത്തിയാല്‍ പിന്നെ അല്പം ആശ്വാസം. ചുരുങ്ങിയത് ഒരു 4 വിസയെങ്കിലും അവനെ കൊണ്ട് ഒപ്പിക്കാന്‍ കഴിയും. പക്ഷെ അതിനു സമയം എടുക്കും. അപ്പൊ ഇനി എന്ത് ? ജീവിതം ഒരു വലിയ ചോദ്യ ചിഹ്നം ആയി മുന്നില്‍ നില്‍ക്കുന്നു.
ഒരു സര്‍ക്കാര്‍ ജോലി, ജോലി കഴിഞ്ഞു വൈകിട്ട് ആറ് ഏഴു മണിയോടെ വീട്ടില്‍ എത്തുന്നു. ഒരു കുളി കഴിഞ്ഞു വായന ശാലയിലേക്ക്, അവടെ ഇരുന്നു അല്പം രാഷ്ട്രീയം, പൊതു കാര്യങ്ങള്‍, ലോക കാര്യങ്ങള്‍. ഓണത്തിനും ഉത്സവത്തിനും ഒരു നന്നാല് ദിവസത്തെ ലീവ്. പിന്നെ ഒരു പെണ്ണ് കെട്ടണം. രണ്ടു മൂന്നു ചില്ലറ പൈസകള്‍, എല്ലാത്തിനേം ഞാന്‍ പഠിച്ച സ്കൂളില്‍ തന്നെ ചേര്‍ക്കണം. ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങള്‍.
ഇന്ന്
രഘു തന്റെ സഹ പാഠിയെ കഫെ കോഫി ഡേയില്‍ വച്ച് കാണുന്നു, വളരെ accidental ആയി.
“ഹേ ഡ്യൂദ്, വസ്സപ്, എന്തായി നിന്റെ ജോബ്‌”?
“എന്ത് പറയാന്‍ മച്ചു, dad പറയുന്നു MBA ചെയ്യാന്‍, എനിക്ക് ഇനി വയ്യ  ആ college atmosphere & then ക്ലാസ്സില്‍ പോയി കുത്തി ഇരിക്കാന്‍. ഞാന്‍ infy ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. അതാകുമ്പോ, ബാംഗ്ലൂര്‍ പോയി പൊളിക്കാം, കാശ് ഇങ്ങട് കിട്ടും.എന്തായാലും ഓഫര്‍ ഇത് വരെ void ആയിട്ടില്ല. അവടെ ആകുമ്പോ നല്ല onsite ചാന്‍സ്  ഉണ്ട്. ഒന്ന് കറങ്ങീട്ടൊക്കെ വരാം. പിന്നെ after 3 -4 years , switch to a better one . H1B കിട്ടിയാല്‍ പിന്നെ ഞാന്‍ അവടെ തന്നെ കൂടും, US -ഇല്‍ തന്നെ.”  (സര്‍ക്കാര്‍ ജോലി എന്ന് കേട്ടാല്‍ വയറ്റില്‍ എന്തോ ഒരു പടയോട്ടം.)
ചുരുക്കി പറഞ്ഞാല്‍ – പട്ടിണി കൂടാതെ കഴിയണം, അംബാനിയെ പോലെ….. അതിനിടയില്‍ 2 -3 relationships.
അങ്ങനെ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ മിനിയപോളിസ്സും, ന്യൂ ജേര്‍സി യും, ഫിലടെല്ഫിയ -യുമെല്ലാം കുടിയേറി പാര്‍ത്തു.
ഇരുപതു വര്‍ഷം കൊണ്ട് വന്ന മാറ്റങ്ങള്‍ ഒന്ന് ഓടിച്ചു നോക്കിയാല്‍, (ഒരു താര തമ്യ പഠനം):
 ഡേയ് / അളിയാ = Dude
ആയിരം രൂപ  / ഉറുപ്പിക = 1 grant / 1 k
മാളു = റീത്ത / സോണി / രൂപ / പ്രിയ (ഇവിടെ മതേതരത്വം പൂത്തു നില്‍ക്കുന്നു)
Hercules Cycle =  Yamaha FZ / R15
വായനശാല = കഫെ കോഫി ഡേ
അമ്പലം/ ആല്‍തറ = Forum / Mantri / Garuda Mall
“മാറാത്തതായി ഒന്നേ ഉള്ളൂ, മാറ്റം…..” പണ്ട് വിവരം ഉള്ള ആരോ പറഞ്ഞതാണല്ലോ …
ഇന്നത്തെ ഒരു പേജ് മണ്ടത്തരത്തിന്റെ പ്രചോദനം: ശ്രീ മോഹന്റെ “പക്ഷെ” അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചലചിത്രം ആണ്. വീണ്ടും ഒന്ന് കൂടി കണ്ടു. അതിന്റെ hangover ആണ്.

ശകടം

ബഹിരാകാശത്തു നിന്ന് നോക്കിയാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന* (conditions apply) മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു നമ്മുടെ ചൈനീസ് വന്മതില്‍ ആണത്രേ. വെറുതെയല്ല അതിനെ ഒരു അത്ഭുതം എന്ന് വിളിക്കുന്നത്‌. അത് പോലെ തന്നെ google maps -ലൂടെ നോക്കിയാല്‍ നമ്മ ബംഗളുരു -വിലും ഒരു മനുഷ്യ നിര്‍മ്മിത അത്ഭുതം കാണാം – The Bangalore Elevated Tollway. സുമാര്‍ ആറേ കാല്‍ മൈല്‍ നീളത്തില്‍ നമ്മ silk board മുതല്‍ e-City വരെ അഹങ്കാരത്തോടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു അത്ഭുതം. ഒരിക്കല്‍ ഒരു മകര മാസ സായാഹ്നത്തില്‍ അതിന്റെ വശ്യ മനോഹാരിത ഉള്ളിലേക്ക് ആവാഹിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
സംഭവ ദിവസം:
സമയം ഏതാണ്ട് 6 ആകുന്നു. ഇന്നത്തെ കച്ചോടം നിര്‍ത്തി കട പൂട്ടി ഇറങ്ങാന്‍ സമയം ആയി.
പിന്നില്‍ ഇരിക്കുന്ന ഹിന്ദിക്കാരനെ ping ചെയ്തു “സര്‍ജി, കബ് നിക്കല്നാ ഹേ ? ” ഇദ്ദേഹത്തിന്റെ കൂടെ കൂടി ഞാന്‍ ഹിന്ദി അത്യാവശ്യം പഠിച്ചു.
“ചലിയേ നിക്കല്തെ ഹേ… ” ഉടന്‍ മറുപടി വന്നു. ഞാന്‍ വിളിക്കാന്‍ കാത്തിരിക്കുക ആയിരുന്നു ടിയാന്‍.
ഞങ്ങള്‍ പതുക്കെ ആപ്പീസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ട് നടന്നു. ലിഫ്റ്റില്‍ കയറി, പാര്‍ക്കിംഗ് area -യില്‍ എത്തി.
“തൊ ആപ് ആജ് ഗാഡി മേ ആയെ ഹേ “: എന്ന് ചോദ്യം.
“2 way pass ഭി ലിയാ ഹേ, 10 മിനറ്റ് മേ silk board …..”: ഇത്ഥം മൊഴിഞ്ഞു കൊണ്ട് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.
Toll booth -ഇല്‍ pass വീശിക്കൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
വീണ്ടും സംസാരം തുടര്‍ന്നു. സംസാര ഭാഷ ഹിന്ദി തന്നെ. പണ്ട് ഞാന്‍ സുഗമ ഹിന്ദി പരീക്ഷ pass ആയിട്ടുണ്ട്‌. അതിന്റെ ഒരു തഴമ്പ് കാണാണ്ടിരിക്കുമോ?
പിറകില്‍ നിന്നും വളരെ കാര്യമായ ഒരു ചോദ്യം വന്നു: “സര്‍ജി, ആപ്കോ കുച്ച് മിസ്സിംഗ്‌ ജൈസേ നഹി ലഗ് രഹെ ഹോ ക്യാ ?”
സംഭവം ശരിയാണ്. ഒരു ചെറിയ വലി – പിന്നിലേക്ക്‌.
ഒരു 100 മീറ്റര്‍ കൂടി മുന്നോട്ടു പോയി. Missing അല്പം രൂക്ഷമായി.
ഞാന്‍ പതുക്കെ ഇടതു കൈ കൊണ്ട് Petrol -ന്റെ നോബ് പരതി. ഈശ്വരാ !!! Reserve ???
“കുച്ച് നഹി സര്‍, ധൂല്‍ മിട്ടി ഫസാ ഹോഗാ”: ഞാന്‍ രാകേഷ്-നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അടുത്ത 50 മീറ്റര്‍ തികച്ചു പോയില്ല. വണ്ടി ഇടിച്ചിടിച്ചു നിന്നു.
ആകെ ഉള്ളത് 2 വരിയാണ്. ആപ്പീസ്-കള്‍ എല്ലാം വിടുന്ന സമയവും. ട്രാഫിക്‌ അതി രൂക്ഷം.
രാകേഷ് വണ്ടിയില്‍ നിന്നും ഇറങ്ങി എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയോ ഹിന്ദി അസഭ്യ വര്‍ഷങ്ങള്‍ അടങ്ങിയിരുന്നതായി ഞാന്‍ അനുമാനിക്കുന്നു. മര്യാദക്ക് bus -നു പോകാന്‍ ഇരുന്നവനെ വിളിച്ചു Elevated Highway -യുടെ മുകളില്‍ കുടുക്കിയാല്‍ പിന്നെ എന്ത് പറയണം. എന്തായാലും ഞാന്‍ ഹാപ്പി ആയിരുന്നു. ഭാഗ്യം ! കൂടെ തള്ളാന്‍ ഒരാള്‍ ഉണ്ടല്ലോ, എന്ന ചാരിതാര്‍ത്ഥ്യം. അല്ലാതെ, ഒരുത്തനെ കുഴീല്‍ ചാടിച്ചല്ലോ എന്ന ആത്മ നിര്‍വൃതി അല്ല.
എതിരെ വരുന്ന വണ്ടികളില്‍ head light -കള്‍ തെളിഞ്ഞു തുടങ്ങി. എന്ന്വച്ചാ, ഇരുട്ട് വീണു തുടങ്ങി.
വണ്ടി ശക്തിയായി കുലുക്കി. പിന്നെ ബജാജ് സ്കൂട്ടര്‍ -ന്റെ രീതി അവലംബിച്ച് നോക്കി. No രക്ഷ.
ഒന്ന് ചോക്ക് വലിച്ചു നോക്കി. OK , start ആയി. Clutch പിടിച്ചും, off ചെയ്തും ഒക്കെ കുറച്ചു ദൂരം കൂടി വണ്ടി ഓടി. ഇടയ്ക്കു കുറെ ദൂരം തള്ളി.
പിന്നെ ഏതാണ്ട്, ബൊമ്മനഹള്ളി -യുടെ മുകളില്‍ എത്തിയപ്പോള്‍ അന്ത്യ ശ്വാസം വലിച്ചു. പാലാ ഫാഷയില്‍ പറഞ്ഞാല്‍, ‘Tank മരുഫൂമിയായി’.
വീണ്ടും തള്ളി. വലതു ഭാഗത്തായി Robert Bosch ഞങ്ങളെ നോക്കി പല്ലിളിച്ചു.
സമയം ഏതാണ്ട് 7 , 7:15 ആയി എന്ന് തോന്നുന്നു.
കഴിഞ്ഞ 2 വര്‍ഷത്തെ ബെംഗളുരു ജീവിതത്തില്‍ ആദ്യമായിട്ടാണ് Roopena Agrahara ബസ്‌ സ്റ്റോപ്പ്‌ കണ്ടപ്പോള്‍ ഇത്രയ്ക്കു സന്തോഷം തോന്നിയത്.
രാകേഷ്-നെ റോഡ്‌ സൈഡില്‍ നിര്‍ത്തി, Service Road -ന്റെ വേലി ചാടി ആദ്യം കണ്ട petrol pump -ഇല്‍ കേറി ഒരു കാലി കുപ്പി ചോദിച്ചു. അവിടെ ഇല്ല. തൊട്ടടുത്ത കടയില്‍ പോയി ഒരു Aquafina വാങ്ങി ഒറ്റവലിക്ക് 1/4 തീര്‍ത്തു. ബാക്കി കളഞ്ഞു. പിന്നെ ഒരു 50 $ -നു ഉള്ള പെട്രോള്‍ വാങ്ങി വണ്ടീല്‍ തട്ടി.

രാകേഷ്-നെ സില്‍ക്ക് ബോര്‍ഡ്‌ പാലത്തിനു കീഴെ വിട്ടു, ഞാന്‍ വീട്ടിലേക്ക്…. ഒരു സുഹൃത്തിന്റെ വീട്ടില്‍ വരെ പോകണം. അവിടെ ഒരു ചെറിയ get together. അതും കഴിഞ്ഞു വീട്ടില്‍ എത്തി ചൂട് വെള്ളത്തില്‍ ഒരു കുളി പാസ്സാക്കി. നല്ല മേലു വേദന. നേരെ കട്ടിലിലേക്ക്. ഇന്നത്തെ ദിവസം ഒന്ന് rewind ചെയ്തു നോക്കി. ഇന്ന് രാവിലെ അല്ലേ ഇതേ elevated highway -യുടെ മുകളില്‍ വച്ച് ഒരു minor chain accident ഉണ്ടായത് …? അതിന്റെ ഭാഗമാകാനും എനിക്ക് ഭാഗ്യം സിദ്ധിച്ചു. വൈകിട്ട് 5 മണിക്ക് വണ്ടി പണി തീര്‍ത്തു കിട്ടിയതെ ഉള്ളൂ. ഏതാനം മണിക്കൂറുകള്‍ക്കകം തന്നെ അടുത്ത പണി കിട്ടി. ആഹാ എത്ര മനോഹരമായ ദിവസം… ഇതൊക്കെ ആലോചിച്ചു കൊണ്ട് എപ്പോള്‍ ഉറങ്ങി എന്ന് ഓര്മ ഇല്ല. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് complete blackout ആയ ഒരു ഉറക്കം ആയിരുന്നു. James Bond ചിത്രങ്ങളിലെ നായികമാര്‍ ആരും തന്നെ ശല്ല്യം ചെയ്യാന്‍ വന്നില്ല.

ശിഷ്ടം: Elevated Highway -യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്, ” ഹോ! ഇതിന്റെ എങ്ങാന്‍ മോളില്‍ വച്ച് petrol തീര്‍ന്നു പോയാലത്തെ ഒരു സ്ഥിതിയേ …!!!!”

പ്രണയ ലേഖനം

“എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി കൊണ്ടു പോകാന്‍ വന്നതാണ് ഞാന്‍, പെണ്ണെ നിന്നെ കൊണ്ടു പോകാന്‍ വന്നതാണ് ഞാന്‍”
Transformer Room -ന്റെ പിറകിലെ കുറ്റിക്കാട്ടില്‍ പന്ത് തിരയുകയായിരുന്നു ഞങ്ങള്‍. അതിനിടക്ക് ഒരു നേരം പോക്കിന് വേണ്ടി അറിയാതെ ഒരു പാട്ട് നാവില്‍ വന്നു പോയി. അത് ഇത്ര മനോഹരമായ ഒരു കോടാലി ആകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
“നീ കൊണ്ടു പോകും, അല്ലേടാ….” ഉജേഷിന്റെ ശബ്ദം ആയിരുന്നു. ഏറ്റെടുക്കാന്‍ ശ്രീമാന്‍ നമ്പോലനും. “എന്താടാ നിമ്മിയെ കണ്ടപ്പോ നിനക്ക് ഒരു പാട്ടും പരതലും”
( നിമ്മി എന്ന പേര് ഇപ്പോള്‍ ഇട്ടതാണ്, യഥാര്‍ത്ഥ പേര് ഇവിടെ പറഞ്ഞാല്‍ അടി എവിടെ നിന്ന് ഒക്കെ വരും എന്നറിയില്ല. )
വാര്‍ത്ത കാട്ടുതീയായി പടര്‍ന്നു. കണ്ണനും നിമ്മിയും തമ്മില്‍ high voltage പ്രണയം. അതിനെ ചുറ്റിപ്പറ്റി കുറെ കഥകളും. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. “അവനോ ….!!!”
ആദ്യമൊക്കെ കളിയാക്കുന്നവന്മാരുടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വരെ പച്ചക്ക് പഴിച്ചു, മനസാ വാചാ കര്‍മണാ അറിയാത്ത ഒരു അപരാധം എന്റെ തലയില്‍ ചാര്തിയത്തിനു. അതുകൊണ്ടൊന്നും ആരും അടങ്ങിയിരുന്നില്ല. Hostel -ലില്‍ ഭക്ഷണം വിളമ്പുന്ന ജോര്‍ജ് ചേട്ടന്‍ മുതല്‍ College -ന്റെ സെക്യൂരിറ്റി മാത്യൂസ്‌ ചേട്ടന്‍ വരെ ചോദിച്ചു തുടങ്ങി, “നിമ്മി എന്തു പറയുന്നു”.
ബുദ്ധം ശരണം ഗജ്ഹാമി, അഹിംസയുടെ മാര്‍ഗ്ഗത്തിലേക്ക് വരൂ എന്നൊരു ഉള്‍വിളി ഉണ്ടായി. അതില്‍ പിന്നെ ഞാന്‍ ശക്തമായ പ്രതികരണം നിര്‍ത്തി. ചെറുതായിട്ട് “നീ പോടാ !@#$%^” എന്ന് പറഞ്ഞു എല്ലാം വളരെ ലാഘവത്തോടെ എടുക്കാന്‍ തുടങ്ങി.
എന്നാല്‍ മറുപുറം ഇങ്ങനെ ആയിരുന്നില്ല. “കണ്ണനെന്ന പേര്‍ കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍” ഇതായിരുന്നു നിമ്മിയുടെ വശം. എന്റെ പേര് കേള്‍ക്കുന്നത് വരെ അയാള്‍ക്ക്‌ ചതുര്‍ഥി ആയിരുന്നു.
അതിനിടക്ക് ഒരു സംഭവം ഉണ്ടായി. മാടിന്റെ ശരീരവും പ്രാവിന്റെ ഹൃദയവും ഉള്ള ഒരു മാടപ്രാവ് – രവി, നിമ്മിയോടു ഈ കഥയുടെ നിജസ്ഥിതി ആരാഞ്ഞു. കുറച്ചു നേരം കഴിഞ്ഞു തിരികെ വന്ന രവി ഒന്നേ ചോദിച്ചുള്ളൂ , “എടേ, ഈ കണ്ണനെന്നു പറഞ്ഞാല്‍ അവരുടെ നാട്ടില്‍ വല്ല തെറി ആണോ ??” ബാക്കി അവന്റെ മുഖ ഭാവത്തില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു . അയാള്‍ ക്രുദ്ധയായത്തില്‍ യാതൊരു അത്ഭുതവും ഇല്ല. Glamour -ന്റെ തലതൊട്ടപ്പന്മാരായ ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ്, റിച്ചാര്‍ഡ്‌ ഗിയര്‍ ശ്രേണിയില്‍ പെടുത്താന്‍ പാകത്തിന് ഒരു യോഗ്യന്‍ ആയിരുന്നില്ല ഞാന്‍. അതുകൊണ്ടു നിമിയുടെ പ്രതികരണത്തില്‍ പറയത്തക്ക യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല.
“ശരത് കാലം വന്നു പോയി, ശിശിരങ്ങള്‍ കൊഴിഞ്ഞു പോയി…..ശാരികേ നീയും ശ്യാമിന്റെ കൂടെ പോയി.” – ഗ്രിഗറി മാഷിന്റെ കവിതയിലെ ഒരു വരിയാണ്.
ദിവസങ്ങളും, ആഴ്ചകളും കഴിഞ്ഞു. അങ്ങനെ S4 exam -ന്റെ study ലീവ് എത്തി. പതിവുപോലെ റമ്മി table -കള്‍ സജീവമായി. റമ്മി കളിക്കാത്തവര്‍ പഞ്ചാരയടി, തേച്ചുമടക്കല്‍, വെള്ളപൂശല്‍ ഇത്യാദി കലാപരിപാടികളില്‍ വ്യാപ്രുതരായി.
അത്താഴം കഴിഞ്ഞു. ഇന്നെങ്കിലും ഉറങ്ങുന്നതിനു മുന്‍പ് പത്തക്ഷരം വായിച്ചിട്ട് കിടക്കണം എന്ന് ഉറപ്പിച്ചു ഞാന്‍ study ടേബിള്‍ -ന്റെ മുന്നില്‍ ഇരുന്നു. ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തോന്നുന്ന ആ same ഏനക്കേട് വീണ്ടും തോന്നി. ഒരു തടിയന്‍ പുസ്തകം എടുത്തു പതുക്കെ വായന തുടങ്ങി.
“ഖണ്ണാ…..” ബഡെ-യുടെ extra bass ഇട്ട dts ശബ്ദം “എന്തോഖെ ഉണ്ട് ….. revision ഒഖെ എവിടെ വരെ ആയി”. ബടെയുടെ സംസാരത്തില്‍ സ്വതവേ ഒരു ബാസ് ഉണ്ടു.
Revision…!!!! പലതും കാണുന്നത് തന്നെ ആദ്യം ആയിട്ടാണ്.
“ഇത്തവണ ഇവന്‍ പാറൂനെ കടത്തി വെട്ടും” ഇത്ഥം അരുള്‍ ചെയ്തുകൊണ്ട് ആഷിജ് എന്റെ പുസ്തകങ്ങള്‍ക്ക് ഇടയിലൂടെ വിരലോടിച്ചു.
പതുക്കെ പതുക്കെ room -ഇല്‍ ആള്‍ക്കാരുടെ എണ്ണം കൂടി. എല്ലാരും എന്റെ പഠന പുരോഗതി ആരായുന്നു, സ്നേഹം പങ്കു വെക്കുന്നു. ഈശ്വരാ, എല്ലാര്‍ക്കും ഒരുമിച്ചു വട്ടായതാണോ, അതോ എനിക്ക് മാത്രം വട്ടായതാണോ?

 

പൊടുന്നനെ – മജിഷ്യന്‍ സാമ്രാജ് ശൂന്യതയില്‍ നിന്നും വസ്തുക്കള്‍ എടുക്കുന്നത് പോലെ ആഷിജ് കൈവലിച്ചു കൊണ്ടു അലറി.
“നോക്കെടാ, നിമ്മീടെ assignment book , ദേണ്ടെ അതിന്റെ ഉള്ളില്‍ ഒരു letter …….”
ഒരു വണ്ട്‌ ഇടതു ചെവിയിലൂടെ കയറി വലതു ചെവിയിലൂടെ ഇറങ്ങി പോയാല്‍ എങ്ങനെ ഇരിക്കും. അമ്മാതിരി ഒരു feeling ഉണ്ടായി.
പിന്നെ ഒരു ബഹളം തന്നെ ആയിരുന്നു. മേശ മേല്‍ കയറി നിന്ന് കൊണ്ടു ആഷിജ് കത്ത് ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി. ഒരു നേരിയ മൂളല്‍ മാത്രമേ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
ആ കത്തില്‍ എനിക്ക് ഓര്‍മ്മയുള്ള ഭാഗങ്ങള്‍ ഏതാണ്ട് ഇപ്രകാരം ആയിരുന്നു:
“എത്രയും പ്രിയപ്പെട്ട കണ്ണേട്ടന്………………. (ഓര്മ ഇല്ല) ………
ആരെന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല …………….
പിന്നെ ചേട്ടന്‍ നന്നായി ഭക്ഷണം കഴിക്കണം, ജിമ്മില്‍ പോകണം…………………… സസ്നേഹം നിമ്മി…………”
ഞാന്‍ ഉറക്കെ അലറിക്കൊണ്ട്‌ അലക്സ്‌ -ന്റെ നേരെ ചാടി വീണു. “എടാ പന്ന !%$$^%&* മാമ !#%&*&*….. നീ ഇന്ന് എന്റെ കൈ കൊണ്ടു ചാകും” മാമന്റെ കഴുത് എന്റെ കക്ഷത്തില്‍. മാമന്റെ കട്ടില്‍ ഒരു കുരുക്ഷേത്രം ആകുന്നതിനു മുന്നേ എല്ലാരും എന്നെ പിടിച്ചു മാറ്റി. മാമ കരഞ്ഞു കൊണ്ടു പറഞ്ഞു, “ഞാനല്ല…. സത്യം. പരുമല തിരുമേനിയാണേല്‍ സത്യം. ഞാന്‍ അല്ലടാ പുല്ലേ …..”
ഏതു ദുഷ്ട പാപിയാണ് ഈ പണി ചെയ്തത് എന്ന ചിന്തയോടെ ഞാന്‍ building- ന്റെ balcony -ഇല്‍ നിന്ന് കൊണ്ട് റബ്ബര്‍ മരങ്ങളെ നോക്കി കൊണ്ട് ചിന്തിച്ചു. സംശയിക്കാന്‍ ആണെങ്കില്‍ എല്ലാവരെയും ഉള്‍പ്പെടുത്താം. മാമ, ആഷിജ് ആന്‍ഡ്‌ other മലബാറിയന്‍സ്, എന്റെ സഹ മുറിയന്മാര്‍…..എല്ലാം ഒന്നിനൊന്നു മെച്ചം തരികിടകള്‍ ആണ് ….
അല്പം weight ഉള്ള ഒരു തണുത്ത കൈ എന്റെ തോളില്‍ വീണു. വെളിച്ചക്കുറവു ആയിരുന്നെങ്കിലും ശരീരത്തിന്റെ വലുപ്പവും ‘ഖണ്ണാ’ എന്ന വിളിയും ആയപ്പോള്‍ മനസ്സിലായി, ബഡെ. കൂടെ അല്പം വലുപ്പം കുറഞ്ഞ നിഴല്‍ ആയി ജിനുവും. ബടെയുടെ മുഖ ഭാവത്തില്‍ നിന്നും മനസ്സിലായി. “നീയാണല്ലേടാ, പന്ന !$%%#&&$% തടിയാ പണി വെച്ചത് …………? അതിനു നിനക്ക് മലയാളം എഴുതാന്‍ അറിയില്ലല്ലോ !!! പിന്നെ നീ എങ്ങനെ ……”
പിന്നില്‍ നിന്ന നിഴല്‍ മുന്നിലേക്ക്‌ വന്നു, ജിനു.MS ….. അവനു മലയാളം എഴുതാന്‍ നന്നായിട്ടറിയാം.

 

ശിഷ്ടം: Maverix, ഞങ്ങളുടെ ഹോസ്റ്റല്‍)), ചരിതത്തിലെ എല്ലാവരും ഓര്‍മ്മിക്കുന്ന ഒരു നല്ല അദ്ധ്യായം ആയിരുന്നു അത്. ഇന്ന് എല്ലാവരും കോര്‍പ്പറേറ്റ് ജീവിതത്തിന്റെ തിരക്കിലാണ്. വല്ലപ്പോഴും ഉള്ള ഒത്തു ചെരലുകളില്‍ പറഞ്ഞു ചിരിക്കാന്‍ കുറെ കഥകള്‍ ഉണ്ടാക്കി തന്ന എല്ലാവര്ക്കും – പ്രത്യേകിച്ച് ബടെ-ക്കും MS-num – ഒരുപാട് ഒരുപാട് നന്ദി……

– ശുഭ രാത്രി

ഒരു പഴങ്കഥ

ഏതാനം വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി ഓര്‍മ്മ ഇല്ല, ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് പ്ലസ്‌-ടു നിയമന അഴിമതി പത്രങ്ങളില്‍ ഒക്കെ വെണ്ടയ്ക്ക ആയത്. അന്ന്, സഖാവ് ടോംസ് ഇതിനെ വിമര്‍ശിച്ചത് പതിവ് പോലെ വളരെ സരസമായ രീതിയില്‍ തന്നെ ആണ്, അതും ഒരു കത്തനാരെ കഥാനായകന്‍ ആക്കിക്കൊണ്ട്. കുറച്ചു ദിവസങ്ങള്‍ മുന്‍പ് നാട്ടിലെ വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നിന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശന മാമാങ്കം ഓര്‍മ ഒണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രഹസനം കണ്ടപ്പോള്‍ ഓര്‍മ വന്നത് ടോംസ്-ന്റെ ആ പഴയ കഥ ആണ്.
——————————————————————————————————–
രംഗം ഒന്ന്
അത്യാവശ്യത്തില്‍ അധികം ദാരിദ്ര്യം ഉള്ള ഒരു ശരാശരി കുടുംബത്തിലെ ഉമ്മറം:
“നിന്നെ ഇത്രേം കഷ്ടപ്പെട്ടു പഠിപ്പിച്ചിട്ടു നീ ഇങ്ങനെ വെറുതെ ഇരിക്കുന്നത് കാണുമ്പോ ഒരു വെഷമം.” വറീത് തന്റെ വ്യഥ മകള്‍ ലിസിയെ അറിയിച്ചു.
ഇതുകേട്ട് അടുക്കളയില്‍ നിന്നും ഗൃഹ നാഥ: “അതെങ്ങനാ, രൂപത വക കോളേജ് പോലും ചോദിക്കുന്നത് ലക്ഷങ്ങള്‍ ആണ്.”
“എന്തെങ്കിലും ഒരു വഴി കര്‍ത്താവ്‌ തന്നെ കാട്ടിത്തരും.” വറീത് നെടുവീര്‍പ്പിട്ടു…..

രംഗം രണ്ടു
പ്രിന്സിപാളിന്റെ മുറി, റവ. ഫാ. തോമസ്‌.
“Mr വറീത് – അകത്തേക്ക് വരാം , ജോസേ പുറത്തു തന്നെ ഉണ്ടല്ലോ അല്ലേ”
“അച്ചോ, പറഞ്ഞത് മുഴുവന്‍ ഉണ്ട്. പെട്ടന്ന് ചെല്ലണമായിരുന്നു, ഭാര്യ ആശൂത്രീലാ”
“ഓ.. ഇതെന്നാ ധൃതിയാ എന്റെ വരീതെ, ഇതൊന്നു എണ്ണി നോക്കിയേച്ചു കാറില്‍ വീട്ടില്‍ എത്തിക്കാം – പോരെ ?”
വരീതിന്റെ കണ്ണ് നിറഞ്ഞു.
“എന്താ വരീതെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌, മകള്‍ ഡോക്ടര്‍ ആകാന്‍ പോകുന്നതിന്റെ സന്തോഷം കൊണ്ടാകും…”
“അല്ലച്ചോ, വീട് എന്ന് കേട്ടപ്പോ….. വീട് വിറ്റു”
“എന്നാ പിന്നെ വറീത് പൊയ്ക്കോ, ആ…., കൌണ്ടര്‍-ല്‍ ചെന്ന് രശീത്‌ വാങ്ങാന്‍ മറക്കരുത്.”

രംഗം മൂന്ന്
തോമസ്‌ അച്ചന്റെ പേര്‍സണല്‍ മുറി.
‘വാതില്‍ അടച്ചേക്കാം.’ മേശ മേല്‍ കെട്ടുകള്‍ നിരത്തി വച്ച് പതുക്കെ എണ്ണാന്‍ തുടങ്ങി.
“ഇത് തെറ്റാണ്…..”
കത്തനാര്‍ ഒന്ന് ഞെട്ടി, ‘ഏയ്‌ തോന്നിയതാവും’. അല്ലേലും ഇതെങ്ങനെ തെറ്റാനാ. കണക്കു കൂട്ടാന്‍ പഠിപ്പിച്ച ചാക്കോ മാഷിനു സ്തുതി പറഞ്ഞു കൊണ്ട് വീണ്ടും എണ്ണി തുടങ്ങി.

“ജോസേ, അപ്പറത്ത് പോയി ഒരു ചായ ഇട്ടേ …. പോ പോ… ”
‘ഒന്ന്, രണ്ട്, മൂന്ന്, നാല്… ശോ, ഇത് എണ്ണണ ഒരു യന്ത്രം വാങ്ങണം….’
“ഇത് അധര്‍മ്മമാണ്….”
ഇത്തവണ ശെരിക്കും ഞെട്ടി. ആരെടാ അത്, കട്ടില്‍ കീഴെ ഇല്ല, അലമാരയുടെ പിറകിലും ഇല്ല. ഇതാരപ്പാ ഓഡിയോ മാത്രം.
“നാല്, അഞ്ചു, ആറ്….”
“തോമാ കത്തനാരെ, ഇത് ശരിയല്ല….”
മുറിയുടെ കിഴക്കേ ഭിത്തിയില്‍ ഒരു മരക്കുരിശില്‍ ക്രൂശിക്കപ്പെട്ട രൂപം, അതെ ശബ്ദം വന്നത് അവിടെ നിന്ന് തന്നെ.
“ഈശോ..!!!! കര്‍താവാരുന്നോ, ഞാന്‍ കരുതി ആ ജോസ്‌ എത്തി നോക്കുവാരുന്നു എന്ന് ….”
“തോമാ, ഇത് കണ്ണ് നീരിന്റെ പണമാണ്, പാപത്തിന്റെ കറയാണ്”
“ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തി കൊണ്ട് പോകാനുള്ള പാട് കര്താവിനറിയില്ല. കര്‍ത്താവ്‌ ഒരു പള്ളിക്കൂടം എങ്കിലും നടത്തീട്ടുണ്ടോ ? പള്ളിക്കൂടത്തീ പോയിട്ടുണ്ടോ ? “
“എന്റെ പേരില്‍ ഇങ്ങനെ പണം വാങ്ങുന്നത് ശരിയാണോ തോമാ …??”
“കഴിഞ്ഞ വര്‍ഷം പണിതു തന്ന കുരിശും തൊട്ടി ഇല്ലേ, അതേതു കാശാന്നാ കരുതീത്… നല്ല മനോഹരമായ ഒരു പള്ളി പണിതു തന്നിട്ടില്ലേ, അവിടെ ഇരുന്നാ പോരെ, ദയവു ചെയ്തു എന്നെ പണി പഠിപ്പിക്കാന്‍ വരല്ലേ…..” തോമാ തനി കൊണം കാട്ടി തുടങ്ങി.
“ഇത് അനീതിയാണ്, അധര്‍മ്മമാണ്, നമുക്കീ പണം വേണ്ട തോമാ….”
തോമ കത്തനാര്‍ ക്രുധനാകുന്നു…. “ദേ, വേണ്ടാത്ത കാര്യങ്ങളില്‍ വെറുതെ കേറി ഇടപെടരുത്…..”
“ഇടപെടും, ഈ കോളേജ് ഞാന്‍ ചുട്ടു ചാമ്പലാക്കും…… ദേ… എന്നെക്കൊണ്ട് വീണ്ടും ചാട്ട എടുപ്പിക്കരുത്……”
കത്തനാരുടെ ടെമ്പര്‍ തെറ്റി. ആകെ മൊത്തം ടോട്ടല്‍ വിറച്ചു കൊണ്ട് അലറി:
“ഇത് 3 ആണിയില്‍ ഒന്നും നില്‍ക്കണ കേസ് അല്ല …. ജോസേ നീ ആ വര്‍ക്ക്‌ ഷാപ്പ് വരെ പോയി പ്രാന്സീസ്-നോട് വരാന്‍ പറ, വരുമ്പോ ആ welding machine കൂടി എടുത്തോളാന്‍ പറ….”
——————————————————————————————————–
ശിഷ്ടം : പണ്ടേതോ വിവരം ഉള്ള ആള്‍ എറിഞ്ഞ ഒരു ചോദ്യം ആണ്: “കര്‍ത്താവിനെ ക്രൂശിച്ചത് മരക്കുരിശിലല്ലേ, പള്ളിക്കെന്തിനാ പൊന്‍കുരിശ്….???”
——————————————————————————————————–

ശ്രീ പവനായ്‌

“പാല്‍………പൂയ്…….. ”
പരിചയം ഉള്ള ശബ്ദം കേട്ട് സുഹ്റ വാതില്‍ തുറന്നു.
” ഉമ്മര്‍ ഇക്ക ഇന്ന് ബൈകീല്ലോ”. ഒരു 2 ലിറ്റര്‍ തൂക്കു പാത്രവും ആയി സുഹ്റ പടികള്‍ ഇറങ്ങി.
“ഉം….” ഉമ്മര്‍ ഒന്ന് ഇരുത്തി മൂളി, എന്നിട്ട് തുടര്‍ന്നു.
“അല്ല സൂറാ, പറയുന്നതില്‍ ബെസ്മിണ്ട്, എങ്കിലും ….., ഇങ്ങടെ കസ്ടപ്പാട് ന്റെ പശൂനോട് പറഞ്ഞാ മനസ്സിലാകൂല്ലല്ലോ, അതിനു നേരത്തിനും കാലത്തിനും വല്ലോം വയട്ടിലോട്ടു ചെന്നാലേ പാല് തരൂ. അതോണ്ട് കഴിഞ്ഞ 2 മാസത്തെ പാലിന്റെ കാസ് നാലെളും തരണം”. ഉമ്മര്‍ സൈക്കിള്‍ തിരിച്ചു പുറപ്പെടാന്‍ ഒരുങ്ങി.
പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ വെട്ടിത്തിരിഞ്ഞു. “സൂറാ, ഇക്ക ഇപ്പൊ പണിക്കൊന്നും പോണില്ലേ……”
ആ ചോദ്യത്തില്‍ ദയനീയതയുടെയോ പുച്ചതിന്റെയോ ഒരു ധ്വനി ഉണ്ടായിരുന്നു.

“സൂറാ, ഡീ സൂറാ ,….. ഇബളിതെബിടെ പോയി കെടക്കണ്….. ഇത്തിരി പൊകല എടുത്തു തരാന്‍ ഇവടാരൂല്ലേ”
“എന്തിനും ഏതിനും സൂറാ, സൂറാ,…..” സുഹ്റ മുറുമുറുത്ത് കോണ്ടു കേറി ചെന്നു. “ദാ…… കെടക്കണ കട്ടിലിനു കീയെ അല്ലെ ഇരിക്കണേ, ഒന്ന് എടുത്തൂടെ”

വീണ്ടും അടുക്കളയിലേക്ക്. സ്ത്രീ ഒരിക്കലും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരും എന്ന് തോന്നുന്നില്ല. ശ്രീ വി ടി ഭട്ടതിരിപ്പാടിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സുഹ്റ വര്‍ക്ക് തുടര്‍ന്നു. എന്തായാലും അത്യാവശ്യം ദാരിദ്ര്യം ആയതു കോണ്ടു അടുക്കളയില്‍ ഇപ്പൊ പണി കുറവാണ് – കഞ്ഞി, ഒരു ചമ്മന്തി പിന്നെ ഒണ്ടെങ്കില്‍ ഇത്തിരി പയറോ കപ്പയോ. പിന്നെ പിള്ളേര്‍ക്ക് പാലും. നാളെ മുതല്‍ അതും വല്ലോരുടേം വീട്ടിലെ പിള്ളാര് കുടിക്കും.

“സൂറാ, ചായ …..”
“ദേ, ബരുന്നിക്കാ……..”, ഗൃഹ നാഥന് മാത്രം സ്പെഷ്യല്‍ ചായ. പാലും പഞ്ചാരയും ചേര്‍ത്തത്.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ? ഹാ, ഇന്ന് കൂടിയേ ഉള്ളൂ പാല്ചായ.
“പത്രം ബന്നില്ലേ..?”
“അതിപ്പോ,…………….. ഇന്നലെ ചന്ദ്ര പിറവി അല്ലാരുന്നോ, അതോണ്ട് ഇന്ന് പത്രം ഇല്ല, അവധീണ് “. സത്യാവസ്ഥ അറിഞ്ഞാല്‍ ഇക്ക വിഷമിക്കും. പാല്‍ക്കാരന്‍ ഉമ്മര്‍ മര്യാദയുടെ ഭാഷയില്‍ പറഞ്ഞത് പത്രക്കാരന്‍ മമ്മദ് അപമര്യാദയുടെ ഭാഷയില്‍ പറഞ്ഞു, അത്ര തന്നെ.

ചായ ഗ്ലാസും പിടിച്ചോണ്ട് എഴുന്നേറ്റു കസേരയില്‍ ഇരുന്നു. ടി വി ഓണ്‍ ചെയ്തു ഓരോ ചാനല്‍കളായി മാറ്റി. ആയ കാലത്ത് എന്തൊക്കെ ആയിരുന്നു. ഭീമാ പള്ളീല്‍ ഉറൂസ്സിനു സകുടുംബം യാത്ര, മസ്ക്കറ്റ് ഹോട്ടലില്‍ താമസം – മണ്ണൂത്തി ചന്ദനക്കൊടത്തിനു 2000 പേര്‍ക്കുള്ള സക്കാത്ത് – വല്യ പെരുന്നാളിനും ചെറിയ പെരുന്നാളിനും ചുരുങ്ങിയത് 21 ആടിനെ കൊണ്ടുള്ള വമ്പന്‍ ദം ബിരിയാണി…. പണ്ട് ബി എക്ക് പഠിക്കുമ്പോ എന്നോ വായിച്ച തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ എന്നാ പുസ്തകം റാക്കില്‍ എവിടെയോ ഇരിപ്പുണ്ട് എന്ന് തോന്നുന്നു. വായനാ ശീലം വീണ്ടും തുടങ്ങണം, എന്തേലും ഒരു നേരം പോക്ക് വേണ്ടേ. ഗൃഹനാഥന്റെ മനസ്സില്‍ ആകെ ചെണ്ട കൊട്ട്, ഈശ്വരാ കലാശം ആകരുതേ.

സുഹ്റ റേഷന്‍ കടയില്‍ നിന്നും പലചരക്ക് കടയിലേക്ക് പതുക്കെ നടന്നു. 2 രൂപയുടെ അരി വന്നത് എന്തായാലും നന്നായി. ഈ പട്ടിണീം പരിവട്ടോം ഉള്ള സമയത്ത് മാനത്ത് നിന്നും മന്ന വീണ പോലെ ആയിരുന്നു അത്.
“ഒരു കിലോ ചെറുപയര്‍, നൂറു കടുക്, കാല്‍ കിലോ കൊല്ല മുളക്……….”
ചൂട് കാലം ആണേലും ഈ കറുത്ത മേലങ്കി ഇട്ടതു നന്നായി. കടയില്‍ സാധനങ്ങള്‍ പൊതിയാന്‍ നിക്കണ ചെക്കന്റെ x -ray കണ്ണുകളില്‍ നിന്നും രക്ഷപെടാം. കണ്ണ് കോണ്ടു ചോര കൊടിക്കുന്ന ശവം. ഹ്ഹോ ശ്രീമാന്‍ ദ്രാക്കൂള ഇവനെക്കാളും എത്രയോ മടങ്ങ്‌ ഭേദം.
“എത്രയായി…?”
“85 ഉറുപ്പ്യ”
“എഴുതിക്കോ …..”
“എങ്ങട്ടെഴുതാനാ, കഴിഞ്ഞ 3 മാസത്തെ 935 രൂപാ ഇപ്പോഴും ബാക്കിയാ. മര്യാദക്ക് രൊക്കം കാശ് വെച്ചിട്ടു പോ. അല്ലെങ്കില്‍ വറീത്ന്റെ തനി കൊണം അറിയും, ഞാന്‍ ഒരു ISD അങ്ങാ കറക്കും, പിന്നെ അറിയാല്ലോ”
കയ്യില്‍ ആകെ ഉണ്ടായിരുന്ന 250 രൂപയും പറക്കാട്ട് ജൂവലെര്സിന്റെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മോതിരവും ഊരി മേശപ്പുറത്തു വച്ചിട്ട് സുഹ്റ തിരിഞ്ഞു നടന്നു. ഹും, ഒരു കാലത്ത് പലചരക്ക് സാധനങ്ങള്‍ അടുക്കളപ്പുറത്ത് ചുമന്നോണ്ട് കോണ്ടു തന്നിരുന്ന ഒരു കാലം ഉണ്ടാരുന്നു. ഇന്നവന് 2 കൊമ്പും ഒരു വാലും മുളച്ചിരിക്കുന്നു. സ്വന്തം വിധിയെ പഴിച്ചു കോണ്ടു സുഹ്റ വീട്ടിലേക്കു നടന്നു.

ഇന്നും പതിവ് പോലെ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ സന്ധ്യ ആയി. വീട്ടിലെ സ്ത്രീ ജനങ്ങള്‍ എല്ലാരും ടി വി യുടെ മുന്നില്‍ എത്തി.
എല്ലാരുടെം മനസ്സില്‍ നിറയെ ചോദ്യങ്ങള്‍ ആയിരുന്നു.
റഹ്മാന്‍ റുക്കിയയെ മൊയിചൊല്ലുമോ ? കുഞ്ഞൂട്ടി ഹാജ്യാര്‍ ഈ പ്രായത്തിലും ഒരു നിക്കാഹ് കൂടി കയിക്കുമോ ? മൈമുനാന്റെ ഗര്‍ഭത്തിനു ഉത്തരവാദി മുജീബോ അതോ സത്താരോ?

ഗൃഹനാഥന്‍ വേണ്ടും അകത്തെ മുറിയില്‍ കട്ടിലില്‍.
ടി വി ഇരിക്കുന്ന മുറിയില്‍ നിന്നും കരച്ചിലും അട്ടഹാസങ്ങളും ഒക്കെ കേള്‍ക്കാം.

“ഇക്കാ …….. ദേനെ അടുക്കളപ്പുറത്ത് കൊറേ പേര്‍ കറുത്ത കുപ്പായൊക്കെ ഇറ്റ് തോപ്പീക്കെ ബച്ചു വള്ളീ തൂങ്ങി ഇറങ്ങണ്”
“അയ്യോ, ദേനെ ഉമ്മറത്തും ണ്ട് അമ്മാതിരി മനുഷേര്”
—————————————————————–
പിറ്റേന്ന് പത്രങ്ങള്‍ ഇങ്ങനെ വായിച്ചു: “അതി സാഹസികമായ ഒരു ഏറ്റുമുട്ടലില്‍ ബിന്‍ ലാദിന്‍ കൊല്ലപ്പെട്ടു”

കബീറിന്റെ ബാര്‍ബര്‍ ഷോപ്പില്‍ പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
“ആ വറീത് ആ പണി വച്ചത്. അവന്‍ നോക്കീപ്പോ ഒറ്റിയാ പറ്റു കാശ് എങ്കിലും കിട്ടും…..”
“അവനു വേറെ 8 ന്റെ പണി കിട്ടിക്കോളും, ഇക്കാന്റെ ആളുകള് ഇന്നീം ദുഫായീലും ഗുള്‍ഫീലും ഒക്കെണ്ടേ”
“ചിലപ്പോ ബിലാലിക്കാ …….”
—————————————————————–
കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരോ ആയിട്ട് യാതൊരു അവിഹിത ബന്ധവും ഇല്ല. അങ്ങിനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.