Skip to content

പ്ലാങ്ങ

കുട്ടംകുഴി പഞ്ചായത്ത് കേരളത്തിലെ ഒരു മാതൃകാ പഞ്ചായതാണ്. വികസനങ്ങൾക്കായി പാർടി ഭേദമന്യേ അവിടെ എല്ലാ മെമ്പർമാരും ഒരേ കുടക്കീഴിൽ അണിനിരക്കുന്നു. ഇന്ന് പഞ്ചായത്തിന്റെ ചരിത്രത്തില തന്നെ ഒരു നാഴികക്കല്ല് ആകും എന്ന് കരുതപ്പെടുന്ന ഒരു പ്രമേയം ആണ് അവതരിപ്പിക്കപ്പെടുന്നത്. ഉള്ളടക്കം എന്താണ് എന്ന് ആർക്കും ഒരു ക്ലൂ പോലുമില്ല. കാരണം പ്രമേയം അവതരിപ്പിക്കുന്നത്‌ മെമ്പർ ജൂബൻ ആണ്.

ജൂബൻ, പേരിൽ തന്നെ ഒന്നു വേറിട്ടു നില്ക്കണം എന്നു ജൂബന്റെ പപ്പയ്ക്ക് തന്നെ നിർബന്ധം ഉണ്ടായിരുന്നു. എവിടെയും ഒരു വേറിട്ട ശബ്ദം ആയിരുന്നു ജൂബൻ. ചില സാമ്പത്തിക പരാധീനതകൾ കാരണം SSLC 3rd ഇയർ ജൂബനു പഠിത്തം നിർത്തേണ്ടി വന്നു, അന്ന് ജൂബനു പ്രായം 21. എല്ലാ കാര്യങ്ങളിലും ജൂബനു തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു, അഭിപ്രായങ്ങളും. പലതിനോടും, അവനെ പഠിപ്പിച്ച അധ്യാപകർക്ക് യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല. ജൂബന്റെ സ്കൂൾ ദുരന്തങ്ങൾക് കാരണമായത്‌ അതാകാം.

തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജൂബൻ വായനശാലയിലെ യുവ കൂട്ടായ്മയിലും ചായക്കടയിലെ വെടിവട്ടങ്ങളിലും നിരന്തരം അവതരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ പാർട്ടിയിലെ ബുദ്ധിജീവിയും LC മെമ്പറുമായ ധവാൻ മാസ്റ്റർ ഒരിക്കൽ ചായക്കടയിൽ വച്ച് ജൂബന്റെ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തെപ്പറ്റിയുള്ള ഒരു പ്രഭാഷണം കേള്ക്കാനിടയായി. പ്രഭാഷണം കേട്ട ധവാൻ മാസ്റ്റർ ജൂബന്റെ തോളിൽ തട്ടി പറഞ്ഞു, “യുവാക്കൾ പ്രതികരിക്കുവാൻ തുടങ്ങിയിരിക്കുന്നു, നല്ലത്. പാർട്ടി ഓഫിസ് വരെ ഒന്നു വരണം. ചിലത് സംസാരിക്കുവാനുണ്ട്”. ജൂബൻ ഇന്ന് പഞ്ചായത്തിലെ പാർട്ടിയുടെ യൂത്ത് വിംഗ് സെക്രട്ടറി ആണ്, കൂടാതെ പഞ്ചായത്ത് മെമ്പറുമാണ്.

ജൂബൻ പഞ്ചായത്ത് ഓഫിസ് എത്തി, പഞ്ചായത്ത് കൂടുന്ന മുറിയിൽ തന്റെ കസേരയിൽ ഇരുന്നു. തന്റെ സന്തത സഹചാരിയായ “പഞ്ചായത്ത്‌ രാജ്” പുസ്തകം മേശമേൽ വച്ചു, ഒരു ദീർഘ നിശ്വാസം ഇട്ടു. പഞ്ചായത്ത് സെക്രടറിയും പ്രസിഡന്റും മറ്റു മെമ്പർമാരും എത്തിച്ചേർന്നു. യോഗ നടപടികളുടെ അജണ്ട സെക്രട്ടറി വായിച്ചു. പ്രധാന വിഷയം ജൂബന്റെ പ്രമേയം തന്നെ. ജൂബൻ പ്രമേയം അവതരിപ്പിച്ചു തുടങ്ങി.

“ബഹുമാനപ്പെട്ട പ്രസിഡന്റ്‌, സെക്രട്ടറി, സഹ മെമ്പർമാരെ…..
നമ്മുടെ കുട്ടംകുഴി പഞ്ചായത്ത് പ്ലാവുകളാൽ സമ്പന്നമാണ്. എന്തുകൊണ്ട്, റബ്ബറും വനിലയും പോലെ, നമുക്ക് വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷിയെക്കുറിച്ച് ചിന്തിച്ചു കൂടാ?
:
:
(തുടർന്ന് ജൂബൻ പ്ലാവിനെയും ചക്കയേയും കുറിച്ച് താൻ നടത്തിയ പഠന റിപ്പോർട്ട്‌ വായിച്ചു കേൾപ്പിച്ചു.)
:
:
(ധനകാര്യ വകുപ്പ് മന്ത്രിമാർ വാർഷിക ബജറ്റവതരണം നടത്തുന്ന പോലെ ജൂബൻ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു)

പ്ലാവ് കേരളത്തിന്റെ അഭിമാനമാണ്. പ്ലാവിന്റെ ഫലത്തെ നമ്മൾ ചക്ക എന്നു വിളിച്ചു വളരെ വിലകുറച്ചു കാണുന്നു. മാവിനും തെങ്ങിനും കിട്ടുന്ന അമിത പ്രാധാന്യം പ്ലാവിനെ തളർത്തുന്നു.മാവിന്റെ ഫലത്തെ മാങ്ങ എന്നു വിളിക്കാമെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്നും വിളിക്കാം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-നും മലയാളം സർവകലാശാലക്കും കുട്ടംകുഴി പഞ്ചായത്ത് മെമ്പർ എന്ന പേരിലും ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയ്ക്കും ഞാൻ കത്തെഴുതിക്കഴിഞ്ഞു.

എന്റെ ഈ എളിയ ഉദ്യമത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, നിർത്തട്ടെ…
നന്ദി

ഏതാനം നിമിഷങ്ങൾ നീണ്ട നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കയ്യടി ഉയർന്നു, തുടങ്ങിയത് പ്രസിഡന്റ്‌ ശ്രീമതി സാറാക്കുട്ടി (വനിതാ സംവരണ പഞ്ചായതായതു കൊണ്ട് ഇവിടെ വനിതകൾക്കാണ് മുൻഗണന)

എതിരില്ലാതെ പ്രമേയം പാസ്സായി….

പഞ്ചായത്ത് രാജ് പുസ്തകം കക്ഷത്തിൽ വച്ചു കൊണ്ട് അഭിമാനത്തോടെ ജൂബൻ വീണ്ടും തൻറെ കർമ്മ മണ്ഡലത്തിലേക്ക്….

——————————————————————————

വാർത്ത: ഇംഗ്ലണ്ട്-കാരെ ഇംഗ്ലീഷ് എന്നു വിളിക്കാമെങ്കിൽ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നും വിളിക്കാം
— മോഹൻ ഭഗവത്

മാവിൽ ഉണ്ടാകുന്നഫലത്തെ മാങ്ങ എന്ന് വിളിച്ചപ്പോൾ അതിന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്ന് വിളിച്ചാൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടും എന്നു കരുതിയ ജൂബനെ തെറ്റു പറയാൻ കഴിയില്ല. അല്ലാതെ, പത്രം വായിക്കുന്ന ദുസ്വഭാവം ഇല്ലാത്ത ജൂബൻ മേൽപ്പറഞ്ഞ വാർത്ത കണ്ടിരിക്കുവാനും, അത് ഒരു പ്രചോദനം ആവാനും, ഇടയില്ല.

Advertisements

മുസിരിസ്

AD ഒന്നാം നൂറ്റാണ്ട് മുതല്‍ ഏതാണ്ട് റോമന്‍ സാമ്രാജ്യത്തിന്റെ പതന കാലം വരെ നമ്മള്‍ മലയാളികള്‍ യവനന്മാരും ആയി വളരെ നല്ല കച്ചവട ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു. എന്നാല്‍, റോമന്‍ സാമ്രാജ്യവുമായി മാത്രം ആയിരുന്നില്ല, ചില ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുമായും കേരളത്തിന്‌ ബന്ധം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിക്കുകയുണ്ടായി.

AD 2003:
കേരളത്തില്‍ തോമാ ശ്ലീഹ വന്ന കാലത്തിനു മുന്നേ പരമ്പരകള്‍ ആയി കൈമാറി വന്ന തന്‍റെ നീല കപ്പുമായി മാമ്മ കുളിമുറിയിലേക്ക്, ശര പന്ജരത്തിലെ ജയനെ ഓര്‍മ്മിപ്പിക്കുന്നു. കറ തീര്‍ന്ന മധ്യ കേരള നസ്രാണികളുടെ trade mark ആയ സില്‍ക്ക് മുണ്ടും colurful തോര്‍ത്തും വാതിലിനു മുകളില്‍ കാണാം.
തന്റെ “വിഭവ സമൃദ്ധമായ” കുളി കഴിഞ്ഞു കൈ പൊക്കിയ മാമന്‍ ശൂന്യം ആയി കിടക്കുന്ന വാതില്‍ ആണ് കണ്ടത്. അര മണിക്കൂര്‍ മുന്നേ താന്‍ അഴിച്ചിട്ട മുണ്ടും തോര്‍ത്തും കാണ്മാന്ടായിരിക്കുന്നു.
“ആരാടാ എന്റെ മുണ്ട് എടുത്തോണ്ട് പോയത്…..@#$%^&*”
തുടര്‍ന്നുള്ള അസഭ്യ വര്ഷം കേട്ട്, അടുത്ത കുളിമുറിയില്‍ നിന്നും കുളിച്ചു ഇറങ്ങിയ ഒരു ജൂനിയര്‍ പയ്യന്‍ വീണ്ടും കുളിക്കാന്‍ കയറി എന്നാണു അറിയാന്‍ കഴിഞ്ഞത്. സുമാര്‍ 2-3 മിനിറ്റ് നീണ്ട ഏകാംഗ അക്ഷര ശ്ലോക സദസ്സിനു ശേഷം രംഗം നിശ്ശബ്ദമായി. വാതില്‍ ചെറുതായി തുറന്നു, അര ഇഞ്ച്‌ വിടവിലൂടെ ഒരു ഇരയെയും കാത്തിരിപ്പ്‌ തുടങ്ങി.

അല്പ നേരത്തിനു ശേഷം, മാമ ആ അര ഇഞ്ച്‌ വിടവിലൂടെ തന്റെ ഇരയെ കണ്ടു.
പേര് : അണ്ടന്‍ നായര്‍
കയ്യില്‍:: സോപ്പ് പെട്ടി (right ) underwear (left)
വേഷം: കഷ്ടി അങ്ങ് ഇങ്ങു എത്തുന്ന ഒരു ടവല്‍.
കണ്ണട: ഇല്ല (കാഴ്ച ശക്തിക്ക് ചില ചെറിയ തകരാറുകള്‍ ഉണ്ട് എങ്കിലും, കുളിക്കുമ്പോള്‍ ഉപയോഗിക്കാറില്ല )

അമീബ ഇര പിടിക്കുന്നത്‌ എങ്ങനെ എന്ന വളരെ പ്രസക്തമായ ഒരു SSLC ചോദ്യം ഓര്മ ഉണ്ടോ. ആ അമീബയുടെ ചടുലതയോടെ അര ഇഞ്ച്‌ വിടവ് ഒരു നിമിഷത്തേക്ക് 3 ഇന്ചാക്കി അണ്ടന്‍ നായരുടെ ഇടതു കയ്യില്‍ കറങ്ങി കൊണ്ടിരുന്ന ആ വസ്തു മാമ റാഞ്ചി,

ഒരു നിമിഷ നേരത്തേക്ക്, എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കാന്‍ അണ്ടനു കഴിഞ്ഞില്ല. സത്യത്തില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരി.

അണ്ടന്റെ വീക്ഷണത്തില്‍ നിന്ന് ……ഏതാണ്ട് 6 അടിയോളം പൊക്കം തോന്നിക്കുന്ന ഒരു അര്‍ദ്ധ നഗ്ന രൂപം – പുരുഷന്‍ തന്നെ ആകണം – വലതു കയ്യില്‍ നീലയോട് സാമ്യം തോന്നുന്ന നിറത്തില്‍ ഉള്ള ഒരു കപ്പും ആയി ഓടുന്നു. ഇട്ടിരിക്കുന്നത് തന്റെതെന്നു തോന്നുന്ന ഒരു underwear.

ഒരു പക്ഷെ, ഇന്നും അണ്ടനു ഉത്തരം കിട്ടാത്ത ഒരു SSLC ചോദ്യം ആണ് അത്, നീല കപ്പുമായി ഓടിയ ആ രൂപം, പിന്നെ റാഞ്ചപ്പെട്ട തന്റെ …..
———–
മുസിരിസില്‍ നിന്നും ഖനനം ചെയ്യപെട്ടു എന്ന് കരുതപ്പെടുന്ന ആ കപ്പിന് ഇന്ന് ഹാരപ്പന്‍ സംസ്കാരവുമായി വരെ ബന്ധം ഉണ്ട് എന്ന് പറയപ്പെടുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയുമായുള്ള കേരളത്തിന്റെ ബന്ധത്തില്‍ അവിടെ നിന്നും നൂറ്റാണ്ടുകള്‍ മുന്‍പ് smuggle ചെയ്യപ്പെട്ടതാണ് ഈ കപ്പ്‌ എന്നും ചില ചരിത്രാന്വേഷികള്‍ തങ്ങളുടെ തീസിസില്‍ പ്രതിപാദിച്ചിരുന്നു.

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്

ഗാന്ധിജി അന്വേഷിച്ചിറങ്ങിയ സത്യം അല്ല ഇവിടെ പ്രതിപാദ്യ വിഷയം. ചില ഗാന്ധിയന്‍ ആശയങ്ങളോട് ചില പ്രത്യേക സാഹചര്യങ്ങളില്‍ ചെറിയ ഒരു അനുഭാവം തോന്നിയിട്ടുണ്ട് എന്നതൊഴിച്ചാല്‍, ഗാന്ധിജിയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല.

ശ്രദ്ധിക്കുക, ഞാന്‍ തേടി നടന്ന സത്യം ഇതുവരെ കഥയില്‍ രംഗപ്രവേശം ചെയ്തിട്ടില്ല.

ഒരു ശരാശരി പത്താം ക്ലാസ്സുകാരന് എന്ത് ഉയരം വേണം ? എന്ത് തൂക്കം വേണം ? ഇതിനെല്ലാം ഒരു തികഞ്ഞ അപവാദം ആയിരുന്നു ഞാന്‍.. പത്തു പാസ്സാകുന്ന കാലത്ത് ക്ലാസ്സിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന അത്യപൂര്‍വമല്ലാത്ത ഒരു record-നു ഞാന്‍ അര്‍ഹനായി. ഇതിനു പുറമേ, എന്റെ ശരീര വലുപ്പതിനെ സാധൂകരിക്കും വിധം മൂന്നാല് അപര നാമങ്ങളും. കൊതുക് – മുണ്ടന്‍ നായര്‍, എല്ലാം അവയില്‍ ചിലത് മാത്രം. പിന്നെ ദൈവം സഹായിച്ചു, തൊലിക്ക് ഒരു ISI മാര്‍ക്ക്‌ കിട്ടിയിട്ടുള്ളതു കാരണം ഇമ്മാതിരി പേരുകള്‍ക്കൊന്നും ഞാന്‍ അത്ര വില കല്‍പ്പിച്ചിരുന്നില്ല. ആദ്യമൊക്കെ, വിളിക്കുന്നവരുടെ പൂര്‍വ പിതാക്കന്മാരെ വരെ പച്ചക്ക് പഴിച്ചിരുന്നു. അതിലൊന്നും യാതൊരു കാര്യവും ഇല്ല എന്ന് മനസ്സിലായപ്പോള്‍ ഗാന്ധി മാര്‍ഗം സ്വീകരിച്ചു.

“പോക്കമില്ലായ്മയില്‍ ആണെന്റെ പൊക്കം” എന്ന് മുസ്സോളിനിക്ക് പറയാം. കാരണം അങ്ങേര്‍ക്കു അതിനുള്ള വകുപ്പുണ്ട്. നമ്മുടെ കാര്യം അങ്ങനെ അല്ലല്ലോ.

അക്കാലത്ത്, പൊക്കം കുറവ് എന്റെ അപകര്‍ഷതാ ബോധത്തിന്റെ തീയില്‍ നെയ്യായി വീഴാന്‍ തുടങ്ങി. തയ്യല്‍ കടക്കാരന്റെ കയ്യില്‍ ഉള്ള ടേപ്പ് വരെ 152 cm ഉണ്ട്.
മരത്തില്‍ കാല്‍ ഉടക്കി തല കീഴായി തൂങ്ങുക, pull up എടുക്കാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് വെറുതെ മരക്കൊമ്പില്‍ തൂങ്ങി കിടക്കുക, കൈ വേദനിച്ചു തുടങ്ങുമ്പോള്‍ താഴേക്കു മനോഹരമായി വീഴുക – ഇത്യാദി വേലകള്‍ ചെയ്തു വൃഥാ സമയം കളഞ്ഞിരുന്നു. അങ്ങനെ അവസാനം പത്തില്‍ എത്തിയപ്പോള്‍ ഒരു സൈക്കിള്‍ കിട്ടി, BSA SLR . ഇത് എന്റെ പൊക്കം തേടിയുള്ള യാത്രയില്‍ ഒരു വഴിത്തിരിവായിരുന്നു. ഇപ്പോള്‍, ഞാന്‍, സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 172 cm ഉയര്‍ന്നിരിക്കുന്നു. എന്നെ സംബന്ധിച്ച്, ധാരാളം…..

സങ്കീര്‍ണമായ മനുഷ്യ മനസ്സുകളെ കുറിച്ച് പഠനം നടത്തിയ Bradly -യുടെ ശിഷ്യന്‍ Dr. Sunny പറഞ്ഞിരിക്കുന്നത് ഏതാണ്ട് ഇങ്ങനെ ആണ്: ” ഉണ്ടവന് പായ കിട്ടഞ്ഞിട്ടു, ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു “…..

‘Engineering -നു ചേരുന്ന കാലത്ത് തൂക്കം 38 kg ‘. ഇതിലും നന്നായിട്ട് ആ situation ഒരു ഒറ്റ വരിയില്‍ എങ്ങനെ വിവരിക്കും എന്ന് എനിക്കറിയില്ല.
ഹോസ്റ്റല്‍ ഭക്ഷണം അത്ര ബോര്‍ അല്ലായിരുന്നു. 3 വര്‍ഷം കൊണ്ട് അവിടുത്തെ അറിയപ്പെടുന്ന തീറ്റ റപ്പായിമാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടാന്‍ എനിക്ക് കഴിഞ്ഞു. Bade , AD , മാമാ , ജയറാം തുടങ്ങിയ മഹാരഥന്മാര്‍ കസറിയ ഞങ്ങളുടെ canteen -ല്‍ ആരും കാണാതെ ഞാനും, ഇടതു wing -ലൂടയും വലതു wing -ലൂടയും ചെറിയ ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. അക്കാലത്താണ് ബീഫ് ഒരു weakness ആയി മാറിയത്. അവസാന വര്‍ഷത്തെ ക്രിസ്തുമസ് ദിനത്തിലെ എല്ലും കപ്പേം , ഓണം ആഘോഷത്തിന്റെ സദ്യ , girls hostel സ്വന്തം ആയി കാന്റീന്‍ തുടങ്ങിയ ദിവസം അതിന്റെ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ hostel -ല്‍ ഉണ്ടാക്കിയ ചിക്കന്‍ ബിരിയാണി – “ബെന്നി ചേട്ടന്‍ at his best ” എന്ന് വേണം പറയാന്‍.
ഇനി ആ, ദുഖകരമായ ആ വസ്തുത വെളിപ്പെടുത്തട്ടെ, 3 വര്‍ഷം കൊണ്ട് കൂടിയത് വെറും 10 kg.
3 വര്‍ഷത്തെ തിരുവനന്തപുരം infosys ജീവിതം കൊണ്ട് കൂടിയത് വെറും 6 kg .

ബാംഗ്ലൂര്‍ എത്തിയതിനു ശേഷം ആണ് എന്റെ പരീക്ഷണങ്ങള്‍ colourful ആകുന്നത്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉദാഹരണങ്ങള്‍ നിരത്താന്‍ കുറേ സഹമുറിയന്മാരും.

സഹമുറിയന്‍ 1 : “എടാ നിന്നെക്കാളും കഷ്ടം ആരുന്നു ഞാന്‍. ദേ, ഈ തടീം വയറും – കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു ബിയര്‍ അടിച്ചു ഉണ്ടാക്കീതാ “. സ്വന്തം വയറു തടവിക്കൊണ്ട് അഭിമാനത്തോടെ ലവന്‍ പറഞ്ഞു. സംഭവം ശരിയാണ്. അവന്റെ ഒരു പഴയകാല ചിത്രവും ഇന്നത്തെ live ചിത്രവും കണ്ടാല്‍ ആരാണേലും KingFisher പാതയില്‍ ചരിച്ചു പോകും. ബിയര്‍-ന്റെ പാര്‍ശ്വ ഫലം ആണല്ലോ കുടവയര്‍. എന്റെ ഈ ശരീരത്തില്‍ ഒരു കുടവയര്‍ കൂടി വന്നാല്‍, പണ്ട് എട്ടാം ക്ലാസ്സ്‌ biology പുസ്തകത്തില്‍ കണ്ട kwashiorkor ബാധിച്ച കുട്ടിയെ പോലെ ഇരിക്കും…. ഈശ്വരാ !!!!!
അങ്ങനെ ഞാന്‍ ആത്മാര്‍തമായി ബിയര്‍ അടി തുടങ്ങി. ഒരു ഫ്രിഡ്ജ്‌ ഉണ്ടായിരുന്ന കാരണം chilled beer ആവശ്യത്തിനു അനുസരിച്ച് ലഭ്യമായി. ആഴ്ച ഒന്ന് കഴിഞ്ഞു, വല്യ വ്യത്യാസം ഒന്നും കണ്ടില്ല. വിട്ടു കൊടുക്കാന്‍ ഞാനും തയ്യാര്‍ ആയിരുന്നില്ല. ഇന്ന് ചെറിയ ജലദോഷം ഉണ്ട്, എങ്കിലും എന്റെ കൃത്യ നിഷ്ഠയും ആത്മാര്‍തയും എന്നെ വെറുതെ വിട്ടില്ല. വൈകിട്ട് 2 can വാങ്ങി ഫ്രിഡ്ജ്‌-ല്‍ വച്ചു. ഭക്ഷണത്തിന് മുന്നേ മരുന്ന് കണക്കെ അങ്ങ് സേവിച്ചു.
ജലദോഷം + ബാംഗ്ലൂര്‍ തണുപ്പ് + ഫ്രിഡ്ജ്‌-ല്‍ വച്ച ബിയര്‍ : ഒരു ശരാശരി മനുഷ്യന്‍ കിടപ്പിലാകാന്‍ ഇതിലും നല്ല ഒരു combination വേറെ ഇല്ല. രാത്രി 3 – 3.30 ആയപ്പോള്‍ തുടങ്ങിയ തുമ്മല്‍ ഏകദേശം 9.30 -ഓടെ ഏതാണ്ട് ഒന്നു കുറഞ്ഞു. അറബികള്‍ ഹുക്ക വലിക്കുന്ന പോലെ, ഒരു ദിവസം മുഴുവന്‍ ഞാന്‍ ഒരു ആവി യന്ത്രം കൊണ്ട് നടന്നു. ജലദോഷം കാരണം ഓഫീസില്‍ പോകാതിരുന്ന ആദ്യത്തെ മനുഷ്യന്‍ ഞാന്‍ ആയിരിക്കുമോ ? ഈ സംഭവത്തോടു കൂടി വിജയ്‌ മല്ലയ്യ മാമനോട് സലാം പറഞ്ഞു ഗാന്ധിജിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ‘മദ്യമേ വിഷമേ വിഷ മദ്യമേ… മനുഷ്യനെ മൃഗം ആക്കും വിഷമേ…’

സഹമുറിയന്‍ 2 : “അടിസ്ഥാനപരമായി നിന്റെ പ്രശ്നം എന്താണെന്നറിയുമോ? നിന്റെ വായ മുതല്‍ ബാക്ക് വരെ ചുമ്മാ ഒരു ഓസ്‌ ഇട്ടിരിക്കുവാ. തിന്നുന്നതോന്നും പിടിക്കില്ല. നിനക്ക് ഞാന്‍ ഒരു പൊടി തരാം. എന്നും ഓരോ ഷേക്ക്‌ അടിച്ചു കുടിച്ചാല്‍ മതി. ഈ മന്ത്രികപ്പോടിയും ഇട്ടോ. എന്റെ ചേട്ടന്‍ കൊണ്ടുവന്നു തന്നതാ. ഒരു ഡപ്പി കഴിച്ചപ്പോ തന്നെ ഞാന്‍ ഇത്രേം ആയി. ബാക്കി നീ എടുത്തോ”.
സംഭവം ശരി ആണ്. ടെലി ഷോപ്പിംഗ്‌ -ന്റെ പരസ്യത്തില്‍ എന്ന പോലെ അവന്‍ രണ്ടു മൂന്നു പടങ്ങള്‍ കാണിച്ചു. ‘അന്ന് ഞാന്‍ ഇങ്ങനെ ആരുന്നു, ഇന്ന് നോക്ക് – ദാ ഈ മസ്സില്‍സ് കണ്ടോ, കുടവയര്‍ കണ്ടോ….’ പണ്ട് അശു പോലെ ഇരുന്നവനെ ഇന്ന് കണ്ടാല്‍ ശീമപ്പന്നി വരെ നാണിച്ചു പോകും. അങ്ങനെ ഞാന്‍ വൈദ്യരുടെ ശക്തി മരുന്ന് കഴിപ്പ്‌ തുടങ്ങി. 3 ആഴ്ച, ഒരു മാറ്റവും ഇല്ല. കാലാവധി കഴിഞ്ഞ ശക്തി മരുന്ന് വയറിനു അത്ര നല്ലതല്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ചില ദിവസങ്ങളില്‍ വയര്‍ ക്ലീന്‍ ആയി കിട്ടി എന്നതൊഴിച്ചാല്‍ മാന്ത്രിക പൊടി കൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവും ഉണ്ടായില്ല.
ഇപ്പോള്‍ എനിക്കും ചെറിയ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്, ഇനി അവന്‍ പറഞ്ഞ ഓസിന്റെ കാര്യം ശരിയാണോ ??

എങ്കിലും ഇതിന്റെ എല്ലാം സമാന്തരമായി ഒരു കാര്യം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. വയറു നിറഞ്ഞാലും മനസ്സ് നിറയുന്ന വരെ ഉള്ള കഴിപ്പ്‌….. ഇന്നതേ കഴിക്കൂ എന്നില്ല , ബുഫേ എങ്കില്‍ ബുഫേ – ആന്ധ്ര മീല്‍സ് എങ്കില്‍ ആന്ധ്ര മീല്‍സ്. ഞാന്‍ ഭക്ഷണം കഴിക്കുന്ന കണ്ടിട്ട് പലരും ഭിന്ന അഭിപ്രായങ്ങള്‍ ആണ് പറഞ്ഞിട്ടുള്ളത്. മേല്‍പ്പറഞ്ഞ പോലെ ISI മാര്‍ക്ക്‌ ഉള്ള തൊലി ആയതു കൊണ്ടാകാം എനിക്ക് ഒന്നും തോന്നീല്ല.
1 . “ഹ്ഹോ !! നിന്റെ ശരീരം കണ്ടാല്‍ ഇമ്മാതിരി തിന്നും എന്നാരും പറയില്ല”
2 . “എന്നാ തട്ടാടാ !! ഇതൊക്കെ എങ്ങോട്ട് പോണു ?”
3 . ” അവനു മിണ്ടാന്‍ മേല. വായ നിറച്ചും ചോറാ. പതുക്കെ ഇറക്കിയെച്ചു പറഞ്ഞാ മതി.”
4 . “എടാ, മനസ്സ് നന്നാവണം, എന്നാലെ ദേഹത്ത് പിടിക്കൂ”

ഈശ്വരാ!!! ഈ കരിങ്കണ്ണന്‍മാരുടെ ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷപെടാന്‍ വല്ല ‘ജുറാസ്സിക് രക്ഷാ കവചം’ മേടിച്ചു കെട്ടേണ്ടി വരുമോ. ഇന്ന് മുതല്‍ ഒരു തീരുമാനം എടുത്തു. യോഗാചാര്യന്‍ ബണ്ണി മഹാരാജ് -ന്റെ ക്ലാസ്സില്‍ ചേരണം. കുറച്ചു ആസനങ്ങള്‍ പഠിക്കണം. നല്ല ദഹനത്തിനും, വിശപ്പ്‌ ഉണ്ടാകാനുള്ളതും etc …..

———————————————————————————
അല്ലയോ തടിയന്മാരെ, നിങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിക്കുന്ന ആ പരമ സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.
“നിങ്ങള്‍ അരി വാങ്ങുന്നത് ഏതു റേഷന്‍ കടയില്‍ നിന്നാണ് ???”

അക്ഷരം

“…ഇന്നലെ കണ്ണീര്‍ വാര്‍ത്തു, കരഞ്ഞീടിന വാനം,
ഇന്നിതാ ചിരിക്കുന്നു, പാലൊളി ചിതറുന്നു….”
—————————————————————–
പുറത്തു നല്ല മഴ. facebook മടക്കി system shut ആക്കി എഴുന്നേറ്റു.
“ഡാ, വന്നു ചായ കുടി.” അമ്മയുടെ ശബ്ദത്തില്‍ ഒരു അശരീരി.
ഈശ്വരാ, മണി 4. ഇന്ന് ആ പാപികള്‍ എന്നെ കൈ വെയ്ക്കും. ആദ്യം കണ്ട ഒരു ഷര്‍ട്ടും പാന്റും വലിച്ചു കേറ്റി അടുക്കളയിലേക്ക്.
മുന്നില്‍ കണ്ട ചായ കോപ്പ എടുത്തു ഒറ്റ വലി. ” ഔ… എന്ത് ചൂടാ ഇത്. ഒന്ന് ആറിച്ചു വെച്ചൂടെ”
“അല്ലാ… ഈ മഴയത്ത് നീ ഇതെങ്ങോട്ടാ.” അമ്മയുടെ enquiry.
“ഒന്ന് വേളീലേക്ക് ഇറങ്ങീട്ടു വരാം” എന്നും പറഞ്ഞു ഇറങ്ങി.

വണ്ടി ചീറിപ്പാഞ്ഞു, ആദ്യ സ്റ്റോപ്പില്‍ നിന്നും അപ്പക്കാളയെ പൊക്കി. പിന്നെ തടിയന്റെ വീട്ടില്‍……….
Easter ആയതു കാരണം അവന്‍റെ വീട്ടീന്ന് കേക്കും വൈനും കിട്ടി. ഇറങ്ങുന്നതിനു മുന്നേ തടിയന്‍ അടഞ്ഞ സ്വരത്തില്‍ ചോദിച്ചു. “രണ്ടെണ്ണം വലിക്കുന്നോ? എന്റെ കട്ടില്‍ കീഴെ ഇരിപ്പുണ്ട്…”
അവിടുന്നും വണ്ടി നീങ്ങി. തടിയന്‍ വീണ്ടും തടിച്ചിരിക്കുന്നു. ഒരു പ്രതിഭാസം തന്നെ. എന്‍റെ പാവം 900 CC വണ്ടി കരയുകയാണ്.
അവിടുന്ന് വലിച്ചു വിട്ടു ദീനുന്റെ വീടിനു മുന്നില്‍ നിര്‍ത്തി, അലറി വിളിച്ചു. “ഇറങ്ങി വാടാ !@#$%^^….” ലവന്‍ വന്നു കേറി.
പിന്നെ ജിബിയുടെ വീട്. “ജിബി കളിക്കാന്‍ പോയേക്കുവാ മക്കളെ…” ജിബിയുടെ അമ്മ.
അവന്‍ ഇന്നും പിള്ളേരടെ കൂടെ തന്നെ. വാശിയേറിയ നാടന്‍ പന്ത് കളി നടക്കുന്ന പറമ്പില്‍ അവനെ കണ്ടു.”ഡാ പന്ന പീക്രീ…..” തടിയന്‍ ചീറി… “വന്നു വണ്ടീല്‍ കേറെടാ…”
പോകുന്ന വഴി ഡോക്ടറേം പൊക്കിക്കൊണ്ട് ഞങ്ങള്‍ വീണ്ടും ആ പഴയ മുറ്റത്ത്‌ ഒത്തു കൂടി.

ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍, ഒരു കപ്പല്‍ നിര്‍മ്മാണ കമ്പിനി ഇഞ്ചിനീര്‍, അംബാനിയുടെ കൂടെ എണ്ണ വാറ്റുന്ന മറ്റൊരുവന്‍, ഒരു Doctor , നാട്ടുകാര്‍ക്ക് cancer വില്‍ക്കുന്ന സിഗരറ്റ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍, പിന്നെ പാവം ഒരു IT തൊഴിലാളി ആയ ഞാനും.ഇത്രേം പേര്‍ (തടിയന്‍ ഉള്‍പ്പടെ) ആ കൊച്ചു കാറില്‍ എങ്ങനെ കൊണ്ടു എന്നല്ലേ? ഒരുമയുണ്ടെങ്കില്‍ വേണമെങ്കില്‍ അങ്ങനേം സംഭവിക്കും.

പിന്നീടുള്ള സംഭാഷണ ശകലങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു …..
“ഒരു പത്തു പതിനൊന്നു വര്‍ഷം ആയി കാണും അല്ലേടാ…..”

“ഓ, പിന്നേ… ഈ അയല്‍പക്കത്ത്‌ കിടക്കുന്ന ഞാന്‍ ഇങ്ങട് വരാറില്ല. ഇത് നിങ്ങള്‍ ഒക്കെ ഉണ്ടെന്നു പറഞ്ഞ കൊണ്ടാ…” ദീനുവിന്റെ വന്‍ ഷോ. മറുപടി തടിയന്‍ വക നല്ല പ്രാസം ഒപ്പിച്ചു അവനു കിട്ടി.

“നമ്മളെ ഈ വഴിക്കാക്കിയവരെ കുറിച്ച് വല്ല വിവരോം ഉണ്ടോ …..”

“ആകെ മറിയാമ്മ ടീച്ചര്‍ മാത്രേ ഇനി ഇവിടെ ഉള്ളു. ബാക്കി നമുക്ക് പരിചയം ഉള്ള ആരുമില്ല.”

“പട്ടാളം വേറെ ഏതോ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയി പോയി എന്ന് കേട്ടു. ശുരു പുറത്തേക്കു പോയി. ജോയ് സാറും ത്രേസ്യക്കുട്ടി ടീച്ചറും പേരക്കുട്ടികളെ നോക്കാന്‍ ആയി US visit -കള്‍ നടത്തുന്നു….”

ജോയ് സര്‍, ഞാന്‍ പുള്ളിക്കാരന്റെ സ്ഥിരം വേട്ട മൃഗം ആയിരുന്നു. അതിനു ഒരു കാരണവും ഉണ്ട്. ഒരിക്കല്‍ ക്ലാസ്സില്‍ നടന്ന ഒരു ചെറിയ സംഭവം ഇങ്ങനെ ആയിരുന്നു.
ഗാന്ധിജിയെ കുറിച്ച് ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന അദ്ദേഹം, ക്ലാസ്സില്‍ അതീവ തല്പരന്‍ ആയി കണ്ട എന്നോട് ഒരു ചോദ്യം ചോദിച്ചു.”ഡേയ് കണ്ണാ, നീ നുണ പറയാറുണ്ടോ…?”
ഒക്ടോബര്‍ 2 -നു അവധി ആഘോഷിക്കുക, ജനുവരി 30-നു TV -യില്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടു ഇറങ്ങി ഓടുക. ഇതല്ലാതെ എനിക്ക് ഗാന്ധിജിയും ആയി യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം.
“അല്ല സര്‍, ഈ സാഹചര്യം ആണല്ലോ നമ്മളെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നത്.”
ക്ലാസ്സില്‍ തങ്ങി നിന്ന നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരു കൂട്ട ചിരി. ഹാസ്യ സാമ്രാട്ടായ കുഞ്ചന്‍ നമ്പ്യാരെ വെല്ലാന്‍ താനേ ഉള്ളു എന്ന് കരുതി ഇരുന്ന സാറിനു ഇതൊരു തിരിച്ചടി ആയിരുന്നു. അവസരം കിട്ടിയപ്പോള്‍ തിരിച്ചു കിട്ടി. അങ്ങേരെന്നെ പൊറോട്ട കീറുന്ന ലാഘവത്തോടെ ക്ലാസ്സില്‍ ഇട്ടു എല്ലാ സ്ത്രീ ജനങ്ങളുടെയും മുന്നില്‍ ഇട്ടു പിച്ചി കീറി. അക്ഷരാര്‍ത്ഥത്തില്‍ നാറ്റിച്ചു.

സംസാരം തുടര്‍ന്നു, “രായപ്പനെ കുറിച്ച് വല്ല അറിവുണ്ടോ ?” അപ്പകാള ചോദ്യം ഇട്ടു. “ആ മരോട്ടി കായേ ഞാന്‍ രണ്ടു തവണ പള്ളീല്‍ വച്ച് കണ്ടിരുന്നു”
“എടാ നിനക്ക് രായപ്പനെ കുറിച്ച് അറിവോന്നുമില്ലേ” എല്ലാവരും ദീനുവിന്റെ നേരെ തിരിഞ്ഞു.
ദീനു ദീന രോദന മുഖത്തോടെ ഞങ്ങളെ നോക്കി, “നിന്റെ ഒക്കെ നോട്ടം കണ്ടാല്‍ ഞാന്‍ കാരണമാ അവനു ജോയ് സാറിന്റെ കയ്യീന്ന് കിട്ടിയേ എന്ന് തോന്നുമല്ലോ…!! അന്ന് ആ പെണ്ണിനെ ഞോണ്ടിയത് ഞാനല്ല…”
ആ പഴയ സംഭവം ഞങ്ങള്‍ ഒരു re-postmortem നടത്തി. ദീനു തന്റെ ഭാഗങ്ങള്‍ ന്യായീകരിക്കാന്‍ ആവും വിധം ശ്രമിച്ചു.
രായപ്പന്റെ back-ഉം ജോയ് സാറിന്റെ ചൂരലും.അന്നു സംഭവിച്ച ആ സംഗമം, ആലോചിക്കുമ്പോ തന്നെ ഒരു തരിപ്പ്. പാവം രായപ്പന്‍, അവന്‍ ഒരാഴ്ച മര്യാദക്ക് ഇരുന്നിട്ടില്ല.

അവസാനം കറങ്ങി തിരിഞ്ഞു എത്തേണ്ട ടോപിക്കില്‍ എത്തി.
“എടാ നമ്മടെ ആ കാണക്കാരീന്നു വന്നിരുന്ന, ആ …… അവള്‍ ….”
“ആ അവള്‍ ഇപ്പൊ Bangalore ഉണ്ടെന്നു പറയുന്ന കേട്ടു, അറിയില്ല.” ഏ, എ…ന്തോ ഞാന്‍ Bangalore എന്ന് താനാണോ കേട്ടത്. ചെറുതായി ചെവി ഒന്ന് വട്ടം പിടിച്ചു.
“അപ്പൊ ആ Block  -ന്റെ അടുത്ത് നിന്ന് കേറിക്കൊണ്ടിരുന്ന ആ …..”
“അവള്‍ ഇപ്പൊ പുറത്തെവിടെയോ ആണ്. ഓർക്കുട്ടിൽ കണ്ട ഒരോർമ്മ ചെയ്യുവാ.”
“പിന്നേ നമ്മുടെ ആ ….”
“ആ മനസ്സിലായി മനസ്സിലായി, കല്ല്യാണം കഴിഞ്ഞു – കുട്ടിയുമായി …”ദീനുവാന് മറുപടി തന്നത്.

പരസ്പരം പാലം വലിച്ചും പാര വച്ചും സമയം കടന്നു പോയി. എല്ലാവരും പഴയ പഴുതാര മീശക്കാരായി. കുറെ വട്ടപ്പെരുകള്‍, ചുറ്റിക്കളി കഥകള്‍, ഒരു പിടി നല്ല ഓര്‍മ്മകള്‍….
മഴ വീണ്ടും ചിന്നി തുടങ്ങി. എല്ലാവരും വീണ്ടും ഓടി കാറില്‍ കയറി. ഞാന്‍ പതിയെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അപ്പോഴാണ്‌ ശ്രദ്ധിച്ചത്. നിര നിരയായുള്ള ചെമ്പക മരങ്ങള്‍..,.. അവ വളര്‍ന്നിരിക്കുന്നു. എങ്കിലും കൈ എത്തുന്ന ഉയരത്തില്‍ പൂക്കള്‍ ഉണ്ട്. വണ്ടി നിര്‍ത്തി ഞാന്‍ ഇറങ്ങി ഓടി. മഴ അല്പം കൂടി ശക്തിയായി. എത്തി പിടിച്ചു ഒരു കുല പൂ ഞാന്‍ പറിച്ചു. തിരികെ കാറില്‍ കയറി.
കാറിന്‍റെ dash-ഇല്‍ പൂക്കുല വച്ച് കൊണ്ടു ഞാന്‍ പറഞ്ഞു.
“പണ്ട്, രണ്ടു പൂ പറിച്ചതിന് ചെറ്റൂരച്ചന്റെ അടുത്ത് നിന്ന് ഞാന്‍ കൊറേ കേട്ടതാ. ഇന്നിപ്പോ ആര് എന്നാ ചെയ്യാനാ….ഹല്ലാ പിന്നേ….”
——————————————————————-

“തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും,
തുംഗമാം വാനിന്‍ ചോട്ടില്‍, ആണെന്റെ വിദ്യാലയം….”

ഒരു ചായ പറഞ്ഞ കഥ

ഒരു ട്രെയിന്‍ യാത്രക്കിടയില്‍ സുകുവിനെ വീണ്ടും കാണാന്‍ ഇടയായി. ഈ ട്രെയിന്‍ ഒരു സംഭവം തന്നെ, എല്ലാ യാത്രയിലും ഓരോ കഥയുമായി സുകു എത്തും.
സുകു ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ സംസാരം തുടര്‍ന്നു. സംസാരത്തിന്റെ ഇടയ്ക്കു പതിവിലും കൂടുതല്‍ gap ഞാന്‍ ശ്രദ്ധിച്ചു. സുകു മറ്റേതോ ലോകത്താണ്. ചിന്തകള്‍, ചെവിയില്‍ പാട്ട് യന്ത്രം ഉണ്ട് – ഇടയ്ക്കു എന്തോ ഓര്‍ത്തു ചിരിക്കുന്നു. അതെ, പതിവിലും വിപരീതം ആയ എന്തോ സംഭവിച്ചിരിക്കുന്നു. എന്‍റെ ചെവിയിലെ പാട്ട് യന്ത്രത്തില്‍ സന്ദര്‍ഭോചിതം ആയി ആ പാട്ട് വന്നു, “…… വട്ടായി പോയീ, വട്ടായി പോയീ… കച്ചോടം പൂട്ടിയപ്പോ വട്ടായി പോയീ…. “.
ചായക്കാരന്‍ ഞങ്ങളെ കടന്നു പോയി. സുകുവിനെ കുലുക്കി വിളിച്ചു: “ഡേയ്………. നിനക്ക് ചായ വേണോ?”
ചോദ്യം കേട്ട സുകു പൊട്ടിച്ചിരിച്ചു. ഈശ്വരാ, ശരിക്കും വട്ടായി പോയോ.
“ഡേയ്, സുകു, ഇത് ഞാനാ – നിനക്ക് ചായ വേണോന്നാ ചോദിച്ചേ. അല്ലാതെ ചാരായം വേണോ എന്നല്ല ”
എനിക്കു ചെറുതായി ദേഷ്യം വന്നു: “നിനക്കിതു എന്തിന്‍റെ കേടാ.”
സുകുവിന് ചിരി നിര്‍ത്താനായില്ല, “അല്ല ഒരു ചായയെ കുറിച്ച് ഓര്‍ത്തു പോയതാ”. ചായക്കാരനില്‍ നിന്നും ചായ വാങ്ങി കൊണ്ട് സുകു തന്‍റെ കഥ പറഞ്ഞു തുടങ്ങി.
(ശ്രദ്ധിക്കുക ഇത്തവണയും ചായയുടെ കാശ് കൊടുത്തത് ഞാന്‍ ആണ് )
————————————————————————
ആദ്യത്തെ പെണ്ണുകാണല്‍ വിജയകരമായ ഒരു പരാജയം ആയതില്‍ പിന്നെ സുകു കല്യാണത്തെ കുറിച്ചുള്ള ചിന്തകള്‍ 8 ആയി മടക്കി കീശയില്‍ ഇട്ടു തന്‍റെ bachelor life -നു സ്തോത്രം ചൊല്ലി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയിരിക്കുന്നു.
ഇന്നൊരു പെണ്ണു കാണല്‍ schedule ചെയ്തിരിക്കുന്നു. മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. ഡ്രൈവര്‍ ജോലിയില്‍ നല്ല നൈപുണ്യം തെളിയിച്ച സുകു പതിവ് പോലെ താമരാക്ഷന്‍ പിള്ള റോഡില്‍ ഇറക്കി. ചോദിച്ചും ഫോണ്‍ വിളിച്ചും സുകുവും മാമ്മനും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്നു. പെണ്‍ കുട്ടിയുടെ father (PF) അവരെ അകത്തേക്ക് ക്ഷണിച്ചു. മൂവരും കൂലങ്കുഷമായ ചര്‍ച്ച തുടങ്ങി. ജോലി, നാട്ടിലേക്കുള്ള വരവ് etc etc . പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഉദ്യോഗം ആണ്. യാത്രക്കിടയില്‍ അത്യാവശ്യം background മാമ്മന്‍ വഴി സുകു അറിഞ്ഞു.
ചര്‍ച്ചക്ക് ഇടയ്ക്ക് പെണ്‍ കുട്ടിയുടെ അമ്മ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഒരു നിമിഷം എത്തി. “ചായക്ക്‌  മധുരം എങ്ങനാ ……?”
തന്നെ കണ്ടാല്‍ ഒരു പ്രമേഹത്തിന്റെ അസ്കിത ഉള്ളതായി തോന്നുമോ? സുകു സംശയിച്ചു.
എന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ തന്നെ അടുത്ത sentence വന്നു: “അല്ല, മധുരം ഇട്ടു ….” വീണ്ടും അടുക്കളയിലേക്കു.
PF: “എനിക്കു തന്‍റെ കമ്പനി അറിയും, ഞങ്ങള്‍ ഉപയോഗിക്കുന്ന software നിങ്ങളുടെ കമ്പനീടെയാ……..”
സുകു അല്പം അഭിമാനത്തോടെ ഇത്തിരി മുന്നോട്ടു ആഞ്ഞു. സ്വന്തം കമ്പനിയെക്കുറിച്ച് എന്തെങ്കിലും പറയും മുന്‍പ് പെണ്ണിന്റെ അച്ഛന്‍ തന്‍റെ sentence മുഴുമിപ്പിച്ചു.
“എന്ത് സാധനാ അത്. ഒരു സാധാരണക്കാരനെ കൊണ്ട് ഉപയോഗിക്കാന്‍ പറ്റുവോ അതൊക്കെ”.
ഇത് സുകുവിനെ പ്രതിരോധത്തില്‍ ആഴത്തി. എങ്കിലും സുകു തന്‍റെ അന്ന ദാതാവായ ജര്‍മന്‍ സായ്-വിനെ തന്നാല്‍ ആകുന്ന വിധം ന്യായീകരിക്കാന്‍ ശ്രമിച്ചു. Corparate / share market കഥകള്‍ അതിനു ഒരു താങ്ങ് ആക്കാന്‍ സുകു ശ്രമിച്ചു. ഞങ്ങളുടെ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് താങ്കളുടെ കമ്പനിയുടെ reputation / share value എല്ലാം അങ്ങ് ആകാശത്ത് എത്തും എന്നൊക്കെ പറഞ്ഞു സുകു ഒന്ന് മുട്ടി നില്‍ക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യം എന്ന് പറയട്ടെ, ദയനീയമായി ചീറ്റി പോയി.
ചടങ്ങിന്‍റെ പ്രസക്ത ഭാഗം ആയി, പെണ്‍ കുട്ടി വരുന്നു – സുകുവിന് ചായ കൊടുക്കുന്നു.
വീണ്ടും കൂലങ്കുഷമായ ചര്‍ച്ച തുടരുന്നു. കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രം മിണ്ടാതെ നില്‍ക്കുന്നു / ഇരിക്കുന്നു. ഈ G8 ഉച്ചകൊടിക്കൊക്കെ എന്തായിരിക്കും ചര്‍ച്ചാ വിഷയം. നാട്ടില്‍ മഴയുണ്ടോ? കൃഷി എങ്ങനാ ലാഭാണോ? അവിടെ കുഴിച്ചിട്ടു പെട്രോള്‍ കിട്ടിയോ? സമ്മതിക്കണം രാജാവേ, സമ്മതിക്കണം. സംസാരം കണ്ടാല്‍ പെണ്ണിന്റെ അച്ഛനും തന്‍റെ മാമ്മനും കഴിഞ്ഞ 20 വര്‍ഷം ആയി വന്‍ പരിചയക്കാരാണോ എന്ന് സുകു ഒരു നിമിഷം സംശയിച്ചു.
ചടങ്ങിന്‍റെ രണ്ടാമത്തെ പ്രസക്ത ഭാഗത്തിന് അനുവാദം ലഭിച്ചു. ചെക്കനും പെണ്ണും സംസാരിക്കുന്നു. (ശ്രദ്ധിക്കുക Topic -നു പ്രസക്തി ഇല്ല).
ആകെ മൊത്തം ടോട്ടല്‍ 20 മിനിട്ട് കൊണ്ട് ചടങ്ങ് സമാപിച്ചു.
—————————————————————————————————-
ഞാന്‍ ആകാംഷയുടെ മുള്‍ മുനയില്‍ ആയിരുന്നു: “പിന്നെ, പിന്നെ എന്തായി…..?”
ഒരു ചമ്മലില്‍ പൊതിഞ്ഞ ചിരിയില്‍ സുകു: “എന്താകാന്‍, കഴിഞ്ഞതിന്‍റെ മുന്നത്തെ ആഴ്ച അവര്‍ വീട്ടില്‍ വന്നു. മിനിയാന്ന് വീട്ടില്‍ നിന്നും ഒരു Battallion അങ്ങട് പോയി, എല്ലാം സാബൂറാക്കി…”
ചായ കോപ്പയില്‍ നിന്നും അവസാന തുള്ളിയും വലിച്ചു കുടിച്ചു,അത് വെളിയിലേക്ക് എറിഞ്ഞു സുകു തുടര്‍ന്നു: “ഇനി കല്യാണത്തിന് വന്നില്ലെങ്കിലാ….,കോപ്പേ,  നിന്നെ വീട്ടില്‍ വന്നു തല്ലും… നിന്നോടാ ആദ്യം പറയുന്നത്”
“എടാ ഭയങ്കരാ….” ഞാന്‍ എന്‍റെ ആശ്ചര്യം മറച്ചു വച്ചില്ല.
സുകുവും  തന്‍റെ ആശ്ചര്യം വാക്കുകളില്‍ ആക്കി: “എങ്കിലും അയാള്‍ക്ക്‌, ആ പെണ്‍ കുട്ടിക്കേ,  എന്നെ ഇഷ്ടപ്പെട്ടു എന്നതാണ് എന്‍റെ അത്ഭുതം. കഴിഞ്ഞ ഒറ്റ തവണ കൊണ്ട് ഞാന്‍ ഈ ചായ കുടി പരിപാടി വേണ്ടാന്നു വെച്ചതാ, പക്ഷെ ഈ ചായ miss ആയിരുന്നേല്‍ ജീവിതം തന്നെ miss ആയി പോയേനേ മാഷേ”.

ചെറിയ ചിരിയോടെ ഞാന്‍ വീണ്ടും പാട്ട് യന്ത്രം ചെവിയില്‍ തിരുകി “……. അലര്‍ ശര പരിതാപം, കേള്‍പ്പൂ – ഞാന്‍ കേള്‍പ്പൂ……”.
ഒരു പുതിയ കഥ കൂടി തന്ന സുകുവേ, ദാ ആ വരുന്ന ജീവിതം ഒരു വിജയ്‌ പടം പോലെ ജീവിച്ചു തീര്‍ക്ക്……. enjaaay മാഡീ.

അപൂര്‍ണം

ഇത് എന്‍റെ സമപ്രായക്കാരനായ ഒരു വ്യതിയുടെ കഥയാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ചില ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒക്കെ ആയി വളരെ അടുത്ത ബന്ധം ഉണ്ട്. യാദൃശ്ചികത തൊട്ടു തെറിച്ചിട്ടില്ല എന്ന് ചുരുക്കം. ഒരു സുഹൃത്തിന്റെ കുമ്പസാരം, അച്ചടിക്കുന്നത് മോശം ആണെങ്കിലും അതില്‍ ഒരു കഥാ തന്തു ഉള്ളതു കൊണ്ട് അവന്‍റെ അനുവാദം വാങ്ങി. കഥാപാത്രങ്ങളുടെ പേരുകള്‍, ഇപ്പോള്‍ ഇട്ടതാണ്.

പുതിയ സ്കൂളിലെ ആദ്യ കലോത്സവം. സുകു, അവന്‍ ആകെ ഉത്സാഹത്തിലാണ്. തന്‍റെ പരിപാടികള്‍ ഒന്നും തന്നെ ഇല്ല. എന്നും അണിയറയില്‍ നില്‍ക്കാനായിരുന്നു അവനിഷ്ടം. അതിനു പ്രധാന കാരണം, തട്ടില്‍ കയറിയാല്‍ നിക്കര്‍ നനയുമോ എന്ന ഭയം തന്നെ. പക്ഷെ, ഒരു നല്ല ആസ്വാദകന്‍ അവന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു. സ്റ്റാഫ്‌ റൂമിന്റെ അടുത്ത് എത്തിയപ്പോള്‍ ആണ് announcement കേട്ടത്, “ലളിതഗാന മത്സരം ആരംഭിക്കുന്നു, ചെസ്റ്റ് നമ്പര്‍ 1”. അല്‍പ നേരത്തെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരു ഹമ്മിംഗ്,  “ആ…….. ആ…….. ”
സാധാരണ romantic സിനിമകളിലെ, നായികയുടെ പാട്ട് കേട്ട് ഓടുന്ന നായകനെ രൂക്ഷമായി വിമര്‍ശിക്കാറുള്ള സുകു പിന്നെ break ഇട്ടതു stage -ന്‍റെ വലതു വശത്താണ്.
” അളക നന്ദാ തീരം….” എന്ന് തുടങ്ങുന്ന ഗാനം. പല്ലവിയും  അനുപല്ലവിയും കഴിഞ്ഞു. അപ്പോഴാണ്‌ സുകു ആളെ ശ്രദ്ധിച്ചത്.
നീളന്‍ മുടി, സൂചി മുഖി, കൃശ ഗാത്ര. തന്‍റെ തന്നെ ക്ലാസ്സില്‍ മൂന്നാമത്തെ ബെഞ്ചില്‍ ഭിത്തിയോട് ചേര്‍ന്ന് ഇരിക്കുന്ന ആ പെന്‍സില്‍ പെണ്ണ്, മീനാക്ഷി , അവളുടെ പേരിനെ സാധൂകരിക്കുന്നവ ആയിരുന്നു കണ്ണുകള്‍- ഇവള്‍ക്ക് ഇത്ര നല്ല ശബ്ദമോ!!! വളരെ പതിഞ്ഞ ശബ്ദത്തില്‍ മാത്രം സംസാരിക്കുന്ന ഇവള്‍ പാട്ടും പാടുമോ!!!
പാട്ട് കഴിഞ്ഞു, stage -ഇല്‍ നിന്നും ഇറങ്ങി വന്ന മീനു സുകുവിന്‍റെ മുന്നിലൂടെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു. ഒരു നീല കൈലേസു കൊണ്ട് അവള്‍ മുഖത്തെ tension ഒപ്പി മാറ്റുന്ന തിരക്കില്‍ ആയിരുന്നു. ഒരു ശരാശരി കൌമാരക്കാരന്‍ കാമുകന്‍റെ ഉള്ളിലൂടെ പായാന്‍ സാധ്യത ഉള്ള അതേ കൊള്ളിമീന്‍ സുകുവിന്‍റെ നെഞ്ചിലൂടെയും കടന്നു പോയി.

അണിയറ പ്രവര്‍ത്തകന്‍ ആയതു കൊണ്ട്, ലളിത ഗാന മത്സരത്തിന്‍റെ വിധി നേരത്തെ അറിയാന്‍ കഴിഞ്ഞു.

സുകുവിന്‍റെ സമയം എന്നല്ലാതെ എന്ത് പറയാന്‍……, വീണ്ടും announcement “ഇപ്പോള്‍ നടന്ന ലളിത ഗാന മത്സരത്തിന്‍റെ ഫലം 2 മണിക്ക് ശേഷം പ്രഘ്യാപിക്കുന്നതായിരിക്കും”.
എല്ലാവരും ഉച്ച ഭക്ഷണത്തിനായി ഓഡിറ്റോറിയത്തില്‍ നിന്നും പിരിഞ്ഞു, ക്ലാസ്സ്‌ റൂമില്‍ ഒത്തു കൂടി. മീനുവിന്റെ മുഖത്തെ tension വായിച്ചെടുക്കാമായിരുന്നു.
സുകുവിന്‍റെ ഉള്ളില്‍ സന്തോഷം, ക്ലാസ്സില്‍ ഇരിക്കുന്നവരില്‍ മത്സര ഫലം അറിയാവുന്ന ഏക വ്യക്തി. “ഞാന്‍ ഇന്ന് score ചെയ്യും, ഈശ്വരാ വേറെ പണിയൊന്നും തരല്ലേ…”
ഊണ് കഴിഞ്ഞു സുകു മീനാക്ഷിയുടെ അടുത്തെത്തി, “താന്‍ എന്തിനാടോ tension അടിക്കുന്നേ, താന്‍ നന്നായിട്ട് പാടീല്ലേ. തനിക്കു കിട്ടൂടോ… ധൈര്യായിട്ട് ഇരി…” സുകു തന്‍റെ ജീവിതത്തില്‍ മീനാക്ഷിക്ക് നല്‍കിയ ആദ്യത്തേതും അവസാനത്തേതും ആയ compliment.

മത്സര ഫലം വന്നു, മീനാക്ഷി ഒന്നാമത്. സുഹൃത്തുക്കളും ആയി ആഹ്ലാദം പങ്കിടുന്ന മീനുവിന്റെ അടുത്തേക്ക് ഒന്നു പോകണം. പക്ഷെ എന്ത് പറഞ്ഞു ആ വഴിക്ക് പോകും ….? സംഘാടക സമിതിക്കാണോ കാരണം ഇല്ലാത്തത്…. വീണ്ടും ദൈവം കനിഞ്ഞു, സംഘാടക സമിതിയിലെ Stella ആ കൂട്ടത്തില്‍ നില്‍ക്കുന്നു.
സുകു രണ്ടും കല്പിച്ചു നടന്നു, “ആ…, Stella , മലയാളം പദ്യോചാരണം ആണ് അടുത്തത്, അതിനുള്ളവരോട് ഒന്നു റെഡി ആകാന്‍ പറയോ.” ഇതും പറഞ്ഞു സുകു തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. തിരിയുന്ന ഭാഗത്ത്‌ മീനു, ഒരു ചെറിയ ചിരി, അതിനുള്ളില്‍ “Thanks” , ഇത്തിരി ധൈര്യം തന്നതിന്.

“എന്‍റെ സാറേ, ഓള് തട്ടം അങ്ങട് ഇട്ടാല്‍ ഉണ്ടല്ലോ, പിന്നെ …. പിന്നെ ഒന്നും കാണൂല്ല …..”
— കടപ്പാട്, തട്ടതിന്‍ മറയത്ത്

അപൂര്‍ണം ………….

ഞാനും എന്‍റെ …..

കൃത്യമായി ഓര്‍മ ഇല്ല, ഏതാണ്ട് 7 വയസ്സായിരിക്കുന്നു എന്റെ പ്രണയത്തിന്….!!!

കലാലയ ജീവിത കാലത്ത് ഒരു സുപ്രഭാതത്തില്‍ പൊട്ടി വിരിഞ്ഞതല്ല, പലവട്ടം ഹരിച്ചും ഗുണിച്ചും നോക്കി – നീണ്ട ആലോചനകള്‍ക്കൊടുവില്‍ എടുത്ത തീരുമാനം. എത്രയോ വട്ടം എന്നോട് പിണങ്ങിയും പരിഭവം കാട്ടിയും ഇരുന്നിരിക്കുന്നു. കൊച്ചി മഹാ നഗരത്തിന്‍റെ ഒത്ത നടുക്ക്, നാലാള്‍ കാണ്‍കെ എന്നോട് പരിഭവിച്ചു മിണ്ടാതെ നിന്നിരിക്കുന്നു. അപ്പോഴൊക്കെ, ഒരു ശരാശരി കോട്ടയംകാരന്‍റെ ഭാഷയില്‍ – “ആ കോപ്പ്, എല്ലാം കൂടെ ഇട്ടെറിഞ്ഞെച്ചു ഞാന്‍ എന്റെ പാട്ടിനു പോകും” എന്നൊരു കാച്ചും കാച്ചി – തനി വഴി തേടി പോകാമായിരുന്നു. എന്തോ, മനസ്സ് വന്നില്ല. ചില ചെറിയ ചെറിയ വാശികള്‍, പരിഭവങ്ങള്‍ ആദ്യമൊക്കെ അരോചകമായി തോന്നുവെങ്കിലും പിന്നീട് ശീലമാകുന്നു, ജീവിതത്തിന്റെ ഭാഗമാകുന്നു.
ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസിലേക്ക് പോക്കും വരവും.  പതിവ് പോലെ ഇന്നും എനിക്കായി കാത്തു നില്‍പ്പുണ്ടായിരുന്നു. പുറത്തു ചെറുതായി ചാറുന്ന മഴ.   മഴത്തുള്ളികള്‍ അവളെ അതീവ സുന്ദരി ആക്കിയിരുന്നു.  ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണ്‍ മാസം, വെറുതെ മുന്നിലൂടെ കടന്നു പോയി. മഴ എന്നും ഞങ്ങളുടെ ബന്ധത്തിന് തീവ്രത കൂട്ടിയിട്ടേ ഉള്ളു. പിന്നെ background score ആയി ഒരു യുഗ്മ ഗാനവും. ഇന്നും അതിനൊരു മാറ്റവും ഇല്ല. ആ മുത്ത്‌ മണികള്‍ പതുക്കെ  തട്ടി മാറ്റിക്കൊണ്ട്   ഞാന്‍ സീറ്റ്‌ തുടച്ചു. ഒന്ന്, രണ്ടു, മൂന്നാമത്തെ കിക്കില്‍ സ്റ്റാര്‍ട്ട്‌ ആയി. ഞങ്ങള്‍ വീണ്ടും മഴത്തുള്ളികളുടെ ഇടയിലൂടെ, ഒരു യാത്ര കൂടി….
Background -ഇല്‍ ഒരു ഗാനവും – “അനുരാഗിണി, ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ….  “
ഏതാണ്ട് 7 വയസ്സായിരിക്കുന്നു എന്റെ പ്രണയത്തിന്…. ഞാനും എന്‍റെ ബൈക്കും….