Skip to content

പ്ലാങ്ങ

ഒക്ടോബര്‍ 27, 2014

കുട്ടംകുഴി പഞ്ചായത്ത് കേരളത്തിലെ ഒരു മാതൃകാ പഞ്ചായതാണ്. വികസനങ്ങൾക്കായി പാർടി ഭേദമന്യേ അവിടെ എല്ലാ മെമ്പർമാരും ഒരേ കുടക്കീഴിൽ അണിനിരക്കുന്നു. ഇന്ന് പഞ്ചായത്തിന്റെ ചരിത്രത്തില തന്നെ ഒരു നാഴികക്കല്ല് ആകും എന്ന് കരുതപ്പെടുന്ന ഒരു പ്രമേയം ആണ് അവതരിപ്പിക്കപ്പെടുന്നത്. ഉള്ളടക്കം എന്താണ് എന്ന് ആർക്കും ഒരു ക്ലൂ പോലുമില്ല. കാരണം പ്രമേയം അവതരിപ്പിക്കുന്നത്‌ മെമ്പർ ജൂബൻ ആണ്.

ജൂബൻ, പേരിൽ തന്നെ ഒന്നു വേറിട്ടു നില്ക്കണം എന്നു ജൂബന്റെ പപ്പയ്ക്ക് തന്നെ നിർബന്ധം ഉണ്ടായിരുന്നു. എവിടെയും ഒരു വേറിട്ട ശബ്ദം ആയിരുന്നു ജൂബൻ. ചില സാമ്പത്തിക പരാധീനതകൾ കാരണം SSLC 3rd ഇയർ ജൂബനു പഠിത്തം നിർത്തേണ്ടി വന്നു, അന്ന് ജൂബനു പ്രായം 21. എല്ലാ കാര്യങ്ങളിലും ജൂബനു തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു, അഭിപ്രായങ്ങളും. പലതിനോടും, അവനെ പഠിപ്പിച്ച അധ്യാപകർക്ക് യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല. ജൂബന്റെ സ്കൂൾ ദുരന്തങ്ങൾക് കാരണമായത്‌ അതാകാം.

തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജൂബൻ വായനശാലയിലെ യുവ കൂട്ടായ്മയിലും ചായക്കടയിലെ വെടിവട്ടങ്ങളിലും നിരന്തരം അവതരിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ പാർട്ടിയിലെ ബുദ്ധിജീവിയും LC മെമ്പറുമായ ധവാൻ മാസ്റ്റർ ഒരിക്കൽ ചായക്കടയിൽ വച്ച് ജൂബന്റെ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തെപ്പറ്റിയുള്ള ഒരു പ്രഭാഷണം കേള്ക്കാനിടയായി. പ്രഭാഷണം കേട്ട ധവാൻ മാസ്റ്റർ ജൂബന്റെ തോളിൽ തട്ടി പറഞ്ഞു, “യുവാക്കൾ പ്രതികരിക്കുവാൻ തുടങ്ങിയിരിക്കുന്നു, നല്ലത്. പാർട്ടി ഓഫിസ് വരെ ഒന്നു വരണം. ചിലത് സംസാരിക്കുവാനുണ്ട്”. ജൂബൻ ഇന്ന് പഞ്ചായത്തിലെ പാർട്ടിയുടെ യൂത്ത് വിംഗ് സെക്രട്ടറി ആണ്, കൂടാതെ പഞ്ചായത്ത് മെമ്പറുമാണ്.

ജൂബൻ പഞ്ചായത്ത് ഓഫിസ് എത്തി, പഞ്ചായത്ത് കൂടുന്ന മുറിയിൽ തന്റെ കസേരയിൽ ഇരുന്നു. തന്റെ സന്തത സഹചാരിയായ “പഞ്ചായത്ത്‌ രാജ്” പുസ്തകം മേശമേൽ വച്ചു, ഒരു ദീർഘ നിശ്വാസം ഇട്ടു. പഞ്ചായത്ത് സെക്രടറിയും പ്രസിഡന്റും മറ്റു മെമ്പർമാരും എത്തിച്ചേർന്നു. യോഗ നടപടികളുടെ അജണ്ട സെക്രട്ടറി വായിച്ചു. പ്രധാന വിഷയം ജൂബന്റെ പ്രമേയം തന്നെ. ജൂബൻ പ്രമേയം അവതരിപ്പിച്ചു തുടങ്ങി.

“ബഹുമാനപ്പെട്ട പ്രസിഡന്റ്‌, സെക്രട്ടറി, സഹ മെമ്പർമാരെ…..
നമ്മുടെ കുട്ടംകുഴി പഞ്ചായത്ത് പ്ലാവുകളാൽ സമ്പന്നമാണ്. എന്തുകൊണ്ട്, റബ്ബറും വനിലയും പോലെ, നമുക്ക് വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷിയെക്കുറിച്ച് ചിന്തിച്ചു കൂടാ?
:
:
(തുടർന്ന് ജൂബൻ പ്ലാവിനെയും ചക്കയേയും കുറിച്ച് താൻ നടത്തിയ പഠന റിപ്പോർട്ട്‌ വായിച്ചു കേൾപ്പിച്ചു.)
:
:
(ധനകാര്യ വകുപ്പ് മന്ത്രിമാർ വാർഷിക ബജറ്റവതരണം നടത്തുന്ന പോലെ ജൂബൻ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു)

പ്ലാവ് കേരളത്തിന്റെ അഭിമാനമാണ്. പ്ലാവിന്റെ ഫലത്തെ നമ്മൾ ചക്ക എന്നു വിളിച്ചു വളരെ വിലകുറച്ചു കാണുന്നു. മാവിനും തെങ്ങിനും കിട്ടുന്ന അമിത പ്രാധാന്യം പ്ലാവിനെ തളർത്തുന്നു.മാവിന്റെ ഫലത്തെ മാങ്ങ എന്നു വിളിക്കാമെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്നും വിളിക്കാം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-നും മലയാളം സർവകലാശാലക്കും കുട്ടംകുഴി പഞ്ചായത്ത് മെമ്പർ എന്ന പേരിലും ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയ്ക്കും ഞാൻ കത്തെഴുതിക്കഴിഞ്ഞു.

എന്റെ ഈ എളിയ ഉദ്യമത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, നിർത്തട്ടെ…
നന്ദി

ഏതാനം നിമിഷങ്ങൾ നീണ്ട നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കയ്യടി ഉയർന്നു, തുടങ്ങിയത് പ്രസിഡന്റ്‌ ശ്രീമതി സാറാക്കുട്ടി (വനിതാ സംവരണ പഞ്ചായതായതു കൊണ്ട് ഇവിടെ വനിതകൾക്കാണ് മുൻഗണന)

എതിരില്ലാതെ പ്രമേയം പാസ്സായി….

പഞ്ചായത്ത് രാജ് പുസ്തകം കക്ഷത്തിൽ വച്ചു കൊണ്ട് അഭിമാനത്തോടെ ജൂബൻ വീണ്ടും തൻറെ കർമ്മ മണ്ഡലത്തിലേക്ക്….

——————————————————————————

വാർത്ത: ഇംഗ്ലണ്ട്-കാരെ ഇംഗ്ലീഷ് എന്നു വിളിക്കാമെങ്കിൽ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നും വിളിക്കാം
— മോഹൻ ഭഗവത്

മാവിൽ ഉണ്ടാകുന്നഫലത്തെ മാങ്ങ എന്ന് വിളിച്ചപ്പോൾ അതിന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ പ്ലാവിൻറെ ഫലത്തെ പ്ലാങ്ങ എന്ന് വിളിച്ചാൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടും എന്നു കരുതിയ ജൂബനെ തെറ്റു പറയാൻ കഴിയില്ല. അല്ലാതെ, പത്രം വായിക്കുന്ന ദുസ്വഭാവം ഇല്ലാത്ത ജൂബൻ മേൽപ്പറഞ്ഞ വാർത്ത കണ്ടിരിക്കുവാനും, അത് ഒരു പ്രചോദനം ആവാനും, ഇടയില്ല.

Advertisements

From → Uncategorized

ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: