ഉള്ളടക്കത്തിലേക്ക് നീങ്ങുക

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്

ഒക്ടോബര്‍ 10, 2012

ഗാന്ധിജി അന്വേഷിച്ചിറങ്ങിയ സത്യം അല്ല ഇവിടെ പ്രതിപാദ്യ വിഷയം. ചില ഗാന്ധിയന്‍ ആശയങ്ങളോട് ചില പ്രത്യേക സാഹചര്യങ്ങളില്‍ ചെറിയ ഒരു അനുഭാവം തോന്നിയിട്ടുണ്ട് എന്നതൊഴിച്ചാല്‍, ഗാന്ധിജിയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല.

ശ്രദ്ധിക്കുക, ഞാന്‍ തേടി നടന്ന സത്യം ഇതുവരെ കഥയില്‍ രംഗപ്രവേശം ചെയ്തിട്ടില്ല.

ഒരു ശരാശരി പത്താം ക്ലാസ്സുകാരന് എന്ത് ഉയരം വേണം ? എന്ത് തൂക്കം വേണം ? ഇതിനെല്ലാം ഒരു തികഞ്ഞ അപവാദം ആയിരുന്നു ഞാന്‍.. പത്തു പാസ്സാകുന്ന കാലത്ത് ക്ലാസ്സിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന അത്യപൂര്‍വമല്ലാത്ത ഒരു record-നു ഞാന്‍ അര്‍ഹനായി. ഇതിനു പുറമേ, എന്റെ ശരീര വലുപ്പതിനെ സാധൂകരിക്കും വിധം മൂന്നാല് അപര നാമങ്ങളും. കൊതുക് – മുണ്ടന്‍ നായര്‍, എല്ലാം അവയില്‍ ചിലത് മാത്രം. പിന്നെ ദൈവം സഹായിച്ചു, തൊലിക്ക് ഒരു ISI മാര്‍ക്ക്‌ കിട്ടിയിട്ടുള്ളതു കാരണം ഇമ്മാതിരി പേരുകള്‍ക്കൊന്നും ഞാന്‍ അത്ര വില കല്‍പ്പിച്ചിരുന്നില്ല. ആദ്യമൊക്കെ, വിളിക്കുന്നവരുടെ പൂര്‍വ പിതാക്കന്മാരെ വരെ പച്ചക്ക് പഴിച്ചിരുന്നു. അതിലൊന്നും യാതൊരു കാര്യവും ഇല്ല എന്ന് മനസ്സിലായപ്പോള്‍ ഗാന്ധി മാര്‍ഗം സ്വീകരിച്ചു.

“പോക്കമില്ലായ്മയില്‍ ആണെന്റെ പൊക്കം” എന്ന് മുസ്സോളിനിക്ക് പറയാം. കാരണം അങ്ങേര്‍ക്കു അതിനുള്ള വകുപ്പുണ്ട്. നമ്മുടെ കാര്യം അങ്ങനെ അല്ലല്ലോ.

അക്കാലത്ത്, പൊക്കം കുറവ് എന്റെ അപകര്‍ഷതാ ബോധത്തിന്റെ തീയില്‍ നെയ്യായി വീഴാന്‍ തുടങ്ങി. തയ്യല്‍ കടക്കാരന്റെ കയ്യില്‍ ഉള്ള ടേപ്പ് വരെ 152 cm ഉണ്ട്.
മരത്തില്‍ കാല്‍ ഉടക്കി തല കീഴായി തൂങ്ങുക, pull up എടുക്കാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് വെറുതെ മരക്കൊമ്പില്‍ തൂങ്ങി കിടക്കുക, കൈ വേദനിച്ചു തുടങ്ങുമ്പോള്‍ താഴേക്കു മനോഹരമായി വീഴുക – ഇത്യാദി വേലകള്‍ ചെയ്തു വൃഥാ സമയം കളഞ്ഞിരുന്നു. അങ്ങനെ അവസാനം പത്തില്‍ എത്തിയപ്പോള്‍ ഒരു സൈക്കിള്‍ കിട്ടി, BSA SLR . ഇത് എന്റെ പൊക്കം തേടിയുള്ള യാത്രയില്‍ ഒരു വഴിത്തിരിവായിരുന്നു. ഇപ്പോള്‍, ഞാന്‍, സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 172 cm ഉയര്‍ന്നിരിക്കുന്നു. എന്നെ സംബന്ധിച്ച്, ധാരാളം…..

സങ്കീര്‍ണമായ മനുഷ്യ മനസ്സുകളെ കുറിച്ച് പഠനം നടത്തിയ Bradly -യുടെ ശിഷ്യന്‍ Dr. Sunny പറഞ്ഞിരിക്കുന്നത് ഏതാണ്ട് ഇങ്ങനെ ആണ്: ” ഉണ്ടവന് പായ കിട്ടഞ്ഞിട്ടു, ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു “…..

‘Engineering -നു ചേരുന്ന കാലത്ത് തൂക്കം 38 kg ‘. ഇതിലും നന്നായിട്ട് ആ situation ഒരു ഒറ്റ വരിയില്‍ എങ്ങനെ വിവരിക്കും എന്ന് എനിക്കറിയില്ല.
ഹോസ്റ്റല്‍ ഭക്ഷണം അത്ര ബോര്‍ അല്ലായിരുന്നു. 3 വര്‍ഷം കൊണ്ട് അവിടുത്തെ അറിയപ്പെടുന്ന തീറ്റ റപ്പായിമാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടാന്‍ എനിക്ക് കഴിഞ്ഞു. Bade , AD , മാമാ , ജയറാം തുടങ്ങിയ മഹാരഥന്മാര്‍ കസറിയ ഞങ്ങളുടെ canteen -ല്‍ ആരും കാണാതെ ഞാനും, ഇടതു wing -ലൂടയും വലതു wing -ലൂടയും ചെറിയ ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. അക്കാലത്താണ് ബീഫ് ഒരു weakness ആയി മാറിയത്. അവസാന വര്‍ഷത്തെ ക്രിസ്തുമസ് ദിനത്തിലെ എല്ലും കപ്പേം , ഓണം ആഘോഷത്തിന്റെ സദ്യ , girls hostel സ്വന്തം ആയി കാന്റീന്‍ തുടങ്ങിയ ദിവസം അതിന്റെ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ hostel -ല്‍ ഉണ്ടാക്കിയ ചിക്കന്‍ ബിരിയാണി – “ബെന്നി ചേട്ടന്‍ at his best ” എന്ന് വേണം പറയാന്‍.
ഇനി ആ, ദുഖകരമായ ആ വസ്തുത വെളിപ്പെടുത്തട്ടെ, 3 വര്‍ഷം കൊണ്ട് കൂടിയത് വെറും 10 kg.
3 വര്‍ഷത്തെ തിരുവനന്തപുരം infosys ജീവിതം കൊണ്ട് കൂടിയത് വെറും 6 kg .

ബാംഗ്ലൂര്‍ എത്തിയതിനു ശേഷം ആണ് എന്റെ പരീക്ഷണങ്ങള്‍ colourful ആകുന്നത്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉദാഹരണങ്ങള്‍ നിരത്താന്‍ കുറേ സഹമുറിയന്മാരും.

സഹമുറിയന്‍ 1 : “എടാ നിന്നെക്കാളും കഷ്ടം ആരുന്നു ഞാന്‍. ദേ, ഈ തടീം വയറും – കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു ബിയര്‍ അടിച്ചു ഉണ്ടാക്കീതാ “. സ്വന്തം വയറു തടവിക്കൊണ്ട് അഭിമാനത്തോടെ ലവന്‍ പറഞ്ഞു. സംഭവം ശരിയാണ്. അവന്റെ ഒരു പഴയകാല ചിത്രവും ഇന്നത്തെ live ചിത്രവും കണ്ടാല്‍ ആരാണേലും KingFisher പാതയില്‍ ചരിച്ചു പോകും. ബിയര്‍-ന്റെ പാര്‍ശ്വ ഫലം ആണല്ലോ കുടവയര്‍. എന്റെ ഈ ശരീരത്തില്‍ ഒരു കുടവയര്‍ കൂടി വന്നാല്‍, പണ്ട് എട്ടാം ക്ലാസ്സ്‌ biology പുസ്തകത്തില്‍ കണ്ട kwashiorkor ബാധിച്ച കുട്ടിയെ പോലെ ഇരിക്കും…. ഈശ്വരാ !!!!!
അങ്ങനെ ഞാന്‍ ആത്മാര്‍തമായി ബിയര്‍ അടി തുടങ്ങി. ഒരു ഫ്രിഡ്ജ്‌ ഉണ്ടായിരുന്ന കാരണം chilled beer ആവശ്യത്തിനു അനുസരിച്ച് ലഭ്യമായി. ആഴ്ച ഒന്ന് കഴിഞ്ഞു, വല്യ വ്യത്യാസം ഒന്നും കണ്ടില്ല. വിട്ടു കൊടുക്കാന്‍ ഞാനും തയ്യാര്‍ ആയിരുന്നില്ല. ഇന്ന് ചെറിയ ജലദോഷം ഉണ്ട്, എങ്കിലും എന്റെ കൃത്യ നിഷ്ഠയും ആത്മാര്‍തയും എന്നെ വെറുതെ വിട്ടില്ല. വൈകിട്ട് 2 can വാങ്ങി ഫ്രിഡ്ജ്‌-ല്‍ വച്ചു. ഭക്ഷണത്തിന് മുന്നേ മരുന്ന് കണക്കെ അങ്ങ് സേവിച്ചു.
ജലദോഷം + ബാംഗ്ലൂര്‍ തണുപ്പ് + ഫ്രിഡ്ജ്‌-ല്‍ വച്ച ബിയര്‍ : ഒരു ശരാശരി മനുഷ്യന്‍ കിടപ്പിലാകാന്‍ ഇതിലും നല്ല ഒരു combination വേറെ ഇല്ല. രാത്രി 3 – 3.30 ആയപ്പോള്‍ തുടങ്ങിയ തുമ്മല്‍ ഏകദേശം 9.30 -ഓടെ ഏതാണ്ട് ഒന്നു കുറഞ്ഞു. അറബികള്‍ ഹുക്ക വലിക്കുന്ന പോലെ, ഒരു ദിവസം മുഴുവന്‍ ഞാന്‍ ഒരു ആവി യന്ത്രം കൊണ്ട് നടന്നു. ജലദോഷം കാരണം ഓഫീസില്‍ പോകാതിരുന്ന ആദ്യത്തെ മനുഷ്യന്‍ ഞാന്‍ ആയിരിക്കുമോ ? ഈ സംഭവത്തോടു കൂടി വിജയ്‌ മല്ലയ്യ മാമനോട് സലാം പറഞ്ഞു ഗാന്ധിജിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ‘മദ്യമേ വിഷമേ വിഷ മദ്യമേ… മനുഷ്യനെ മൃഗം ആക്കും വിഷമേ…’

സഹമുറിയന്‍ 2 : “അടിസ്ഥാനപരമായി നിന്റെ പ്രശ്നം എന്താണെന്നറിയുമോ? നിന്റെ വായ മുതല്‍ ബാക്ക് വരെ ചുമ്മാ ഒരു ഓസ്‌ ഇട്ടിരിക്കുവാ. തിന്നുന്നതോന്നും പിടിക്കില്ല. നിനക്ക് ഞാന്‍ ഒരു പൊടി തരാം. എന്നും ഓരോ ഷേക്ക്‌ അടിച്ചു കുടിച്ചാല്‍ മതി. ഈ മന്ത്രികപ്പോടിയും ഇട്ടോ. എന്റെ ചേട്ടന്‍ കൊണ്ടുവന്നു തന്നതാ. ഒരു ഡപ്പി കഴിച്ചപ്പോ തന്നെ ഞാന്‍ ഇത്രേം ആയി. ബാക്കി നീ എടുത്തോ”.
സംഭവം ശരി ആണ്. ടെലി ഷോപ്പിംഗ്‌ -ന്റെ പരസ്യത്തില്‍ എന്ന പോലെ അവന്‍ രണ്ടു മൂന്നു പടങ്ങള്‍ കാണിച്ചു. ‘അന്ന് ഞാന്‍ ഇങ്ങനെ ആരുന്നു, ഇന്ന് നോക്ക് – ദാ ഈ മസ്സില്‍സ് കണ്ടോ, കുടവയര്‍ കണ്ടോ….’ പണ്ട് അശു പോലെ ഇരുന്നവനെ ഇന്ന് കണ്ടാല്‍ ശീമപ്പന്നി വരെ നാണിച്ചു പോകും. അങ്ങനെ ഞാന്‍ വൈദ്യരുടെ ശക്തി മരുന്ന് കഴിപ്പ്‌ തുടങ്ങി. 3 ആഴ്ച, ഒരു മാറ്റവും ഇല്ല. കാലാവധി കഴിഞ്ഞ ശക്തി മരുന്ന് വയറിനു അത്ര നല്ലതല്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ചില ദിവസങ്ങളില്‍ വയര്‍ ക്ലീന്‍ ആയി കിട്ടി എന്നതൊഴിച്ചാല്‍ മാന്ത്രിക പൊടി കൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവും ഉണ്ടായില്ല.
ഇപ്പോള്‍ എനിക്കും ചെറിയ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്, ഇനി അവന്‍ പറഞ്ഞ ഓസിന്റെ കാര്യം ശരിയാണോ ??

എങ്കിലും ഇതിന്റെ എല്ലാം സമാന്തരമായി ഒരു കാര്യം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. വയറു നിറഞ്ഞാലും മനസ്സ് നിറയുന്ന വരെ ഉള്ള കഴിപ്പ്‌….. ഇന്നതേ കഴിക്കൂ എന്നില്ല , ബുഫേ എങ്കില്‍ ബുഫേ – ആന്ധ്ര മീല്‍സ് എങ്കില്‍ ആന്ധ്ര മീല്‍സ്. ഞാന്‍ ഭക്ഷണം കഴിക്കുന്ന കണ്ടിട്ട് പലരും ഭിന്ന അഭിപ്രായങ്ങള്‍ ആണ് പറഞ്ഞിട്ടുള്ളത്. മേല്‍പ്പറഞ്ഞ പോലെ ISI മാര്‍ക്ക്‌ ഉള്ള തൊലി ആയതു കൊണ്ടാകാം എനിക്ക് ഒന്നും തോന്നീല്ല.
1 . “ഹ്ഹോ !! നിന്റെ ശരീരം കണ്ടാല്‍ ഇമ്മാതിരി തിന്നും എന്നാരും പറയില്ല”
2 . “എന്നാ തട്ടാടാ !! ഇതൊക്കെ എങ്ങോട്ട് പോണു ?”
3 . ” അവനു മിണ്ടാന്‍ മേല. വായ നിറച്ചും ചോറാ. പതുക്കെ ഇറക്കിയെച്ചു പറഞ്ഞാ മതി.”
4 . “എടാ, മനസ്സ് നന്നാവണം, എന്നാലെ ദേഹത്ത് പിടിക്കൂ”

ഈശ്വരാ!!! ഈ കരിങ്കണ്ണന്‍മാരുടെ ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷപെടാന്‍ വല്ല ‘ജുറാസ്സിക് രക്ഷാ കവചം’ മേടിച്ചു കെട്ടേണ്ടി വരുമോ. ഇന്ന് മുതല്‍ ഒരു തീരുമാനം എടുത്തു. യോഗാചാര്യന്‍ ബണ്ണി മഹാരാജ് -ന്റെ ക്ലാസ്സില്‍ ചേരണം. കുറച്ചു ആസനങ്ങള്‍ പഠിക്കണം. നല്ല ദഹനത്തിനും, വിശപ്പ്‌ ഉണ്ടാകാനുള്ളതും etc …..

———————————————————————————
അല്ലയോ തടിയന്മാരെ, നിങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിക്കുന്ന ആ പരമ സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.
“നിങ്ങള്‍ അരി വാങ്ങുന്നത് ഏതു റേഷന്‍ കടയില്‍ നിന്നാണ് ???”

From → Uncategorized

One Comment
  1. കാര്‍ഡ് എ.പി.എല്‍ ആയത് കാരണം റേഷനേ ഇല്ലല്ലോ 🙂

Leave a reply to manorajkr മറുപടി റദ്ദാക്കുക