Skip to content

വട്ട്

ജൂണ്‍ 27, 2012

മലബാറില്‍ ഗോലി എന്നും എറണാകുളം ഭാഗങ്ങളില്‍ കച്ചി എന്നും ചില കിഴക്കന്‍ മലയോര മേഖലകളില്‍ രാശിക്കായ്‌ എന്നാ പേരിലും കാണപ്പെടുന്ന ഒരു വസ്തുവിന് കോട്ടയം ജില്ലയില്‍ വട്ട് എന്നാണു പറയുന്നത്. ഇത് ഒരു പൊതു വിജ്ഞാനത്തിന്റെയും ഭാഗമല്ല, വെറും സാമാന്യ ജ്ഞാനം ആണ്. കോട്ടയം ജില്ലയില്‍ അറിഞ്ഞിരിക്കേണ്ടതും ( എന്റെ അഭിപ്രായത്തില്‍).

കുട്ടി പത്താം ക്ലാസ്സില്‍ ആണേലും നാക്ക് എം എ – ക്ക് ആണ് , എന്ന ഡയലോഗ് ഒരു രഞ്ജിത്ത് ചിത്രത്തില്‍ കേള്‍ക്കുകയുണ്ടായി. എന്നാല്‍ എന്റെ കാര്യം നേരെ തിരിച്ചായിരുന്നു. കുട്ടി എട്ടാം ക്ലാസ്സില്‍ ആണേലും ശരീരം നാലാം ക്ലാസ്സില്‍ ആണ് , എന്ന് എന്നെ അന്ന് കണ്ടിരുന്നെങ്കില്‍ ശ്രീ രഞ്ജിത്ത് തിരുത്തി പറഞ്ഞേനെ. ശരീരം മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ. മനസ്സ് അതിലും ചെറുപ്പം ആയിരുന്നു. അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. രാശി കളിയുടെ സീസണ്‍ ആണ്, തൊട്ടടുത്ത അമ്പലപ്പറമ്പില്‍. വൈകിട്ട്, അടുത്തുള്ള എല്‍ പി സ്കൂളില്‍ നിന്നും കളിയിലെ കേമന്മാര്‍ എത്തി ചേരുന്നു. പിന്നെ അവിടം നാവായിലെ മണല്‍തിട്ട ആയി മാറുന്നു. തീ പാറുന്ന മാമാങ്കം. അവരുടെ കൂടെ ഒരു ചെറിയ ചേകവര്‍ ആയി ഞാനും. അവര്‍ എന്റെ പ്രായത്തെ ബഹുമാനിക്കാറുണ്ട്. എനിക്ക് അത് നന്നേ ബോധിച്ചിരുന്നു .

അങ്ങനെ ഇരിക്കെ ഒരു ദിവസം കയ്യില്‍ ആയുധത്തിന്റെ ഒരു ചെറിയ ഷോര്‍ട്ടേജ് വന്നു. വളരെ സരളമായി പറഞ്ഞാല്‍, ഇന്ന് കളിക്കാന്‍ കയ്യില്‍ വട്ട് (ഗോലി ) ഇല്ല. അടുത്ത ടൌണില്‍ പോയി മേടിക്കാം എന്ന് വച്ചാല്‍ പോകാന്‍ കയ്യില്‍ കാശും ഇല്ല . “ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ ………”. ശ്രദ്ധിക്കുക , ഇവിടെ തെണ്ടി എന്ന പദത്തിന് പ്രസക്തി ഇല്ല . എന്റെ എതിരാളികള്‍ പഠിക്കുന്ന എല്‍ പി സ്കൂളിനു സമീപം ഒരു കടയുണ്ട്. അവിടെ രൂപയ്ക്ക് മൂന്നു കിട്ടും. കയ്യില്‍ ഉണ്ടായിരുന്ന രണ്ടു എട്ടണ തുട്ടുകള്‍ ചുരുട്ടി പിടിച്ചു ഞാന്‍ മേത്തന്റെ പീടിക ലക്ഷ്യമാക്കി നടന്നു .

കടയുടെ മുന്നില്‍ നിന്നു. ഇല്ല സ്കൂളില്‍ ഉള്ള ആരും എന്നെ കണ്ടില്ല , പ്രത്യേകിച്ച് എന്റെ മച്ചുനന്‍, ഒരു മൂന്നാം ക്ലാസ്സ് . വടക്കന്‍ വീര ഗാഥയില്‍, ചുരിക റിപയര്‍ ചെയ്യാന്‍ കൊല്ലക്കുടിയില്‍ എത്തിയ ചന്തുവിന്റെ ഭാവമായിരുന്നു എനിക്ക്. കടയില്‍ അധികം ആരുമില്ല . മൂന്നു വൃദ്ധന്മാര്‍, കടയുടമ ഉള്‍പ്പടെ. രണ്ടു പേരുടെ മുന്നില്‍ പാതിയൊഴിഞ്ഞ ചായ ഗ്ലാസ്സുകള്‍. വളരെ നേരത്തിനു ശേഷം എത്തിയ ഒരു കസ്ടമെരെ കണ്ട പോലെ കടയുടമ എന്നെ സമീപിച്ചു.

കയ്യില്‍ ഉള്ള ഒരു രൂപ നീട്ടിക്കൊണ്ടു ഞാന്‍ ചോദിച്ചു: “ചേട്ടാ, വട്ടുണ്ടോ ???”.

ഒന്ന് രണ്ടു നിമിഷത്തെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരു ചിരി ഉയര്‍ന്നു. കടയുടമ വക ആയിരുന്നില്ല , അവിടുത്തെ സ്ഥിരം പറ്റുകാര്‍ എന്ന് തോന്നിപ്പിക്കുന്ന ആ രണ്ടു വൃദ്ധന്മാരില്‍ നിന്നും പുറപ്പെട്ട ചിരി. കടയുടമ എന്നെ രൂക്ഷമായി ഒന്ന് നോക്കി , പിന്നെ ….. പിന്നെ അയാള്‍ വളരെ ക്രുദ്ധനായി എന്തൊക്കെയോ പറഞ്ഞു. വാക്കുകളുടെ ഇടയില്‍ അസഭ്യം, പുലഭ്യം, വികിട സരസ്വതി എന്നൊക്കെ തോന്നിപ്പിക്കുന്ന ചില വാക്കുകളും ഉണ്ടായിരുന്നു, അത്ര മാത്രം ഓര്‍ക്കുന്നു .

“ഹന്ത!, ദൈവമേ ഞാന്‍ എന്തിഹ കേള്‍പ്പൂ …….” കേട്ടിട്ടില്ലേ……. നഭസ്സ് ഇടിഞ്ഞു വീഴുന്നതായും, ഭൂമി ത്വരിതമായി കറങ്ങുന്നതായും തോന്നിയ ശ്രീമാന്‍ കര്‍ണ്ണന്റെ അതേ അവസ്ഥ ….

സ്കൂള്‍ മുതല്‍ വീടിന്റെ പടിഞ്ഞാപ്രത്തുള്ള റബ്ബര്‍ തോട്ടം വരെ ഏതാണ്ട് ഒരു, ഒരു ഫര്‍ലോങ്ങ് ദൂരം വരും. ഉസൈന്‍ ബോള്‍ട്ട് എന്റെ ആ ഓട്ടം കണ്ടാണ്‌ ഓട്ടം പഠിച്ചത്, അല്ലെങ്കില്‍ ഞാന്‍ ഓടിയ വഴിയില്‍ പുല്ലു കിളിര്‍ത്തില്ല എന്നൊക്കെ പറഞ്ഞാല്‍ അതിശയോക്തി ആകും. ജീവിതത്തില്‍ വളരെ ആത്മാര്‍ത്ഥം ആയി ഓടിയ ഒരു അവസരം ആയിരുന്നു അത്. അതെ അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല .

വീട്ടില്‍ ഈ വീരഗാഥ വിളമ്പിയപ്പോള്‍ ആണ് അറിഞ്ഞത്, നമ്മുടെ കഥയിലെ വില്ലന്‍ ആയ കടയുടമയ്ക്ക് ചെറിയ തോതില്‍ നൊസ്സ് ഉണ്ടായിരുന്നു.

ശുഭരാത്രി ……

From → Uncategorized

ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: